ന്യൂഡൽഹി: ഡല്‍ഹി മന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ കൈലാഷ് ഗഹ്‌ലോട്ട് മന്ത്രി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചു. എഎപി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു കൈലാഷ്. രാജി സംബന്ധിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് കൈലാഷ് ഗഹ്‌ലോട്ട് കത്തയച്ചു.
ആംആദ്‌മി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കത്ത്. ആം ആദ്‌മി പാര്‍ട്ടി ഡല്‍ഹിയില്‍ നടപ്പിലാക്കാത്ത നിരവധി വാഗ്‌ദാനങ്ങളുണ്ടെന്ന് ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. നിരവധി ആഭ്യന്തര വെല്ലുവിളികള്‍ ഉള്ളതായും കത്തില്‍ പറയുന്നു. യമുന നദി വൃത്തിയാക്കുന്നതില്‍ പറ്റിയ വീഴ്‌ചയെക്കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ശീഷ്‌മഹൽ പോലെയുള്ള ലജ്ജാകരവും അരോചകവുമായ നിരവധി വിവാദങ്ങൾ ഉണ്ട്. നമ്മൾ ഇപ്പോഴും ആം ആദ്‌മിയാണോ എന്ന് എല്ലാവരേയും സംശയിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഡൽഹിക്ക് പുരോഗതി ഉണ്ടാകില്ല.
ജനങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിന് പകരം സ്വന്തം രാഷ്‌ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലേക്ക് പാർട്ടിയുടെ ശ്രദ്ധ മാറിയതില്‍ ആശങ്കയുണ്ട്. ഇത് ഡല്‍ഹി നിവാസികൾക്ക് അടിസ്ഥാന സേവനങ്ങൾ നൽകാനുള്ള എഎപിയുടെ കഴിവിനെ തടസപ്പെടുത്തും.
ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് ഞാൻ എന്‍റെ രാഷ്‌ട്രീയ യാത്ര ആരംഭിച്ചത്. അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് ആം ആദ്‌മി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അതിനാൽ ഞാൻ ആം ആദ്‌മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവക്കുന്നു'- കത്തില്‍ പറയുന്നു.
ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് നടക്കന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൈലാഷിന്‍റെ രാജി. തെരഞ്ഞെടുപ്പില്‍ ഇതു എഎപിക്ക് തിരിച്ചടിയായേക്കും.
Also Read: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി; വിഷയത്തില്‍ കോൺഗ്രസും എന്‍സിയും തമ്മില്‍ ഭിന്നത