മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പരസ്‌പരം വാക്കുപോരുമായി കോണ്‍ഗ്രസും ബിജെപിയും. സംസ്ഥാനത്ത് എന്ത് വികസനം വന്നിട്ടുണ്ടെങ്കിലും എല്ലാം കോൺഗ്രസ് സർക്കാരുകൾ മൂലമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ വ്യക്തമാക്കി. കോണ്‍ഗ്രസ് 'വോട്ട് ജിഹാദ്' നടത്തുന്നുവെന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ആരോപണവും ഖാര്‍ഗെ തള്ളി. തങ്ങളുടെ പാർട്ടി മതേതരമാണെന്നും പ്രത്യയശാസ്ത്രത്തിന്‍റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിലാണ് വോട്ട് അഭ്യർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ഭരണഘടനയും ജനാധിപത്യവും സംരക്ഷിച്ചതു കൊണ്ടാണ് മോദി പ്രധാനമന്ത്രിയായത്, അല്ലാത്തപക്ഷം അദ്ദേഹം ചായ വിൽക്കുമായിരുന്നു. അമേരിക്ക പോലുള്ള രാജ്യത്ത് പോലും ഒരു സ്ത്രീക്ക് ആരും വോട്ട് ചെയ്യുന്നില്ല. ഇന്ത്യയിൽ എല്ലാവർക്കും തുല്യാവകാശമുണ്ട്, എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. 24 വർഷമായി ഒരു വ്യക്തിയാണ് ഗുജറാത്ത് ഭരിച്ചിരുന്നത്. എന്തുകൊണ്ടാണ് ആ സംസ്ഥാനത്ത് ഇപ്പോഴും ദാരിദ്ര്യം നിലനിൽക്കുന്നതെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചില ബിജെപി നേതാക്കൾ ഉയർത്തുന്ന വിഭജന രാഷ്‌ട്രീയം സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ്, ഇത് അനുവദിക്കരുത്. ബിജെപി നേതാക്കൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഛത്രപതി ശിവാജി മഹാരാജിനെയും ഡോ ബി ആർ അംബേദ്‌ക്കറെയും ഒരു പ്രത്യേക സമുദായത്തിലേക്ക് തരം തിരിക്കുന്നത് ശരിയല്ല. കോൺഗ്രസ് നേതാക്കള്‍ രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു, ബിജെപിയും ആർഎസ്എസും രാജ്യത്തിന് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.
തട്ടിപ്പ് നടത്തിയും ഭീഷണിപ്പെടുത്തിയും അധികാരത്തിൽ വന്ന നിലവിലെ സർക്കാരിനെ പരാജയപ്പെടുത്തേണ്ടതിനാൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് തങ്ങളുടെ സഖ്യത്തില്‍ മുന്നേ ഉണ്ടായിരുന്നവര്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: എഎപി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് രാജിവച്ചു; പാര്‍ട്ടിക്ക് രൂക്ഷ വിമര്‍ശനം