പത്തനംതിട്ട : പമ്പയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്ക് ഓൺലൈൻ മുഖേന ബുക്ക് ചെയ്യുന്ന ബസ് ടിക്കറ്റുകൾക്ക് 24 മണിക്കൂർ വരെ ബുക്ക് ചെയ്‌ത അതേ റൂട്ടിൽ സാധുത ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആർടിസി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരക്കിൽ തീർഥാടകർ ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുമ്പോൾ , നിശ്ചയിക്കപ്പെട്ട പിക്കപ്പ് സമയം കഴിയുന്നതിനാൽ യാത്രക്കാർക്ക് അതേ ശ്രേണിയിലുള്ള മറ്റൊരു ബസിൽ സീറ്റ് ക്രമീകരിച്ച് നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ ക്രമീകരിച്ച് നൽകുമ്പോൾ ഗ്രൂപ്പായി ബുക്ക് ചെയ്‌ത യാത്രക്കാരിൽ ഒരുമിച്ച് ബോർഡ് ചെയ്യാത്തവരുടെ ഐഡി കാർഡ് പരിശോധിക്കുമെന്നും നേരത്തെ യാത്ര ചെയ്‌തവർ അല്ല എന്ന് ഉറപ്പുവരുത്തുമെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസുകൾക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. കൂടാതെ ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് സര്‍വീസ് നടത്താൻ പാടില്ലെന്നും അത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.
പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം കെഎസ്ആർടിസി ബസിൽ ശബരിമല തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോയ സാഹചര്യമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം.