ചപ്പാത്തിൽ മാലിന്യ നിക്ഷേപം, അറവ് മാലിന്യങ്ങൾ പുഴുവരിച്ച നിലയില്‍, മൂക്കുപൊത്തി നാട്ടുക്കാര്‍ - മാലിന്യ നിക്ഷേപം വ്യാപകം
🎬 Watch Now: Feature Video
Published : Mar 2, 2024, 6:01 PM IST
ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ ചപ്പാത്തിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. കലിങ്കുകൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധർ അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പുഴുവരിച്ച മാലിന്യത്തിൽ നിന്നും വലിയതോതിൽ ദുർഗന്ധം വമിക്കുന്നത്തോടെ മൂക്കുപൊത്തിവേണം ഇതുവഴി കടന്നു പോകാൻ. അയ്യപ്പൻകോവിൽ ഉപ്പുതറ പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ചപ്പാത്ത് കേന്ദ്രീകരിച്ചാണ് മാലിന്യനിക്ഷേപം നടക്കുന്നത്. മലയോര ഹൈവേയുടെ കലിങ്കിനടിയിലാണ് സാമൂഹ്യവിരുദ്ധർ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. അറവു മാലിന്യവും മീൻ മാലിന്യവും അടക്കമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പുഴുവരിച്ച നിലയിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതോടെ മേഖല മാരക പകർച്ചവ്യാധി ഭീഷണിയിലുമാണ്. മുൻപ് നിരവധി തവണ ഇവിടെ അറവ് മാലിന്യം അടക്കം നിക്ഷേപിച്ചതോടെ മാധ്യമങ്ങൾ ഇവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ ക്യാമറ സ്ഥാപിച്ച് മാലിന്യ നിക്ഷേപത്തിന് അറുതി വരുത്തുമെന്ന് വാക്കാൽ പറഞ്ഞതല്ലാതെ നടപടികൾ ഉണ്ടായില്ല. ഇതോടെ ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ്. മാലിന്യത്തിൽ നിന്നും വൻതോതിൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ മൂക്കുപൊത്തിയാണ് ആളുകൾ ഇതുവഴി കടന്നു പോകുന്നത്. ഒപ്പം വേനൽ മഴയടക്കം പെയ്‌താൽ പുഴുവരിച്ച നിലയിലെ മാലിന്യം, ഒഴുകി നിരവധി കുടിവെള്ള പദ്ധതികളുള്ള പെരിയാറ്റിലെത്തും. വിഷയത്തിൽ പരിഹാരം കാണാത്തപക്ഷം പഞ്ചായത്ത് അധികാരികൾ അടക്കമുള്ളവർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.