ചിപ്‌സ് കടയില്‍ തീപിടുത്തം, അപകടത്തില്‍ ഒരാൾ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക് - ചിപ്‌സ് കടയില്‍ തീപിടുത്തം
🎬 Watch Now: Feature Video
Published : Feb 17, 2024, 7:58 PM IST
തിരുവനന്തപുരം: കൈതമുക്ക് ജങ്ഷന് സമീപം ചിപ്‌സ് കടയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസിന് സമീപത്തുള്ള കണ്ണൻ ചിപ്‌സ് കടയുടെ ഉടമയായ കൈതമുക്ക് സ്വദേശി അപ്പു ആചാരി (85) ആണ് മരിച്ചത്. കടയിൽ ജോലി ചെയ്യുന്ന പാണ്ഡ്യൻ, അപ്പു ആചാരിയുടെ മകൻ കണ്ണൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽ ഉണ്ടായ ചോർച്ച മൂലം തീപടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുമ്പോൾ കണ്ണനും പാണ്ഡ്യനും പുറത്ത് ഇറങ്ങിയെങ്കിലും അപ്പു ആചാരി കടയ്ക്കുള്ളിൽ വീണ് പോയതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചില്ല. നിമിഷ നേരംകൊണ്ട് തീപടർന്ന് കട പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. കടയ്ക്കുള്ളിൽ ആകെ 7 ഗ്യാസ് സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനെത്തിയ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വെള്ളം ഒഴിച്ചതിനാൽ മറ്റ് സിലിണ്ടറുകളിലേക്ക് തീ പടർന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തത്തിൽ സമീപത്തെ മെഡിക്കൽ സ്റ്റോറിന്‍റെ മേൽക്കൂരയും തകർന്നു. മരുന്നുകളും നശിച്ചു. കൈതമുക്ക് സ്വദേശി മഞ്ജു ശ്രീകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ടി ജെ മെഡിക്കൽ സ്റ്റോറാണ് ഭാഗികമായി തകർന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായും മഞ്ജു പറഞ്ഞു. തീപിടുത്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് വരെ കടയിൽ ഉണ്ടായിരുന്ന മഞ്ജു ആഹാരം കഴിക്കാനായി സമീപത്തെ വീട്ടിൽ പോയപ്പോഴാണ് സംഭവം നടക്കുന്നത്. അതിനാൽ ദുരന്തത്തിന്‍റെ ആഘാതം കുറഞ്ഞു. ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുൻ മന്ത്രിമാരായ ആൻ്റണി രാജു, വി എസ് ശിവകുമാർ എന്നിവർ സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.