കാസർകോട്: രാവിലെ മുതൽ മൂകമായിരുന്നു കല്യോട്ട് ഗ്രാമം. എങ്ങും പൊലീസ് വാഹനങ്ങളും പൊലീസുകാരും. ആറു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം വരുന്ന ആ വിധിക്കായി കാത്തിരിക്കുകയായിരുന്നു ശരത്ത് ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബവും കല്യോട്ട് ഗ്രാമവും രാഷ്ട്രീയ കേരളവും.
11 മണിയോടെ പുറപ്പെടുവിച്ച വിധി പ്രസ്‌താവം അതത് വീട്ടിൽ ഇരുന്ന് ടിവിയിലൂടെയാണ് ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും അമ്മമാര്‍ കണ്ടതും കേട്ടതും. വിധി കേള്‍ക്കുന്നതിനിടെ പലപ്പോഴും ഇവർ വിതുമ്പി. വിധി കേട്ടയുടനെ ശരത്തിന്‍റെയും കൃപേഷിന്‍റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
എല്ലാ പ്രതികളെയും കുറ്റക്കാരായി കോടതി കണ്ടെത്തുമെന്നാണ് കരുതിയിരുന്നതെന്നും കോടതി വിധി മാനിക്കുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ 10 പേരെ വെറുതെ വിട്ടതിൽ അതൃപ്‌തിയും അമ്മമാർ പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിധി വന്നതിന് പിന്നാലെ വീട്ടിൽ നിന്നും ഇവർ സ്‌മൃതി മണ്ഡപത്തിലേക്ക് എത്തി പുഷ്‌പാർച്ചന നടത്തി. കോൺഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരിന്നു. കേസില്‍ 24 പേരെയാണ് സിബിഐ കോടതി പ്രതി ചേര്‍ത്തിരുന്നത്. ഇവരില്‍ 14 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 10 പേരെ വെറുതെ വിടുകയായിരുന്നു. കേസില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൊലപാതക കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി. ജനുവരി മൂന്നിനു ശിക്ഷ വിധിക്കും.