ആപ്പിളിന്‍റെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസില്‍ ഇക്കുറി എഐ ആകും ശ്രദ്ധാകേന്ദ്രമെന്ന് റിപ്പോർട്ട്. ഇക്കുറി ആപ്പിൾ ആസ്ഥാനത്ത് നടക്കുന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് 2024 ൽ വച്ച് ആപ്പിൾ അതിന്‍റെ AI ഫീച്ചേഴ്‌സിന് 'ആപ്പിൾ ഇന്‍റലിജൻസ്' എന്ന് പേരിടാൻ ഒരുങ്ങുന്നതായാണ് വിവരം. കുറിപ്പുകൾ, വോയ്‌സ് മെമ്മോകൾ, ഫോട്ടോകൾ, സഫാരി എന്നിവയടക്കം ആപ്പിൾ ആപ്പുകളിലുടനീളം ഈ 'ആപ്പിൾ ഇന്‍റലിജൻസ്' ഫീച്ചറുകൾ ഉൾക്കൊള്ളിക്കാനാണ് ആപ്പിളിന്‍റെ നീക്കം.
ആപ്പിളിന്‍റെ വോയ്‌സ് അസിസ്‌റ്റന്‍റ് സിറിയാകും ആപ്പിൾ ഇന്‍റലിജൻസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഫോക്കസ് പോയിന്‍റ്. സിറിയിലൂടെ ഉപയോക്‌താവിന്‍റെ കമാന്‍ഡ് അനിസരിച്ച് ടാസ്‌കുകൾ ചെയ്യാനും പേഴ്‌സണൽ അസിസ്‌റ്റന്‍റായി പ്രവർത്തിക്കാനും അതിനെ പ്രാപ്‌തരാക്കും. ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് നന്നായി മനസിലാക്കാനും ഇതിന് കഴിയും. ഇതുകൂടാതെ, ചിത്രങ്ങളിൽ ഒബ്‌ജക്റ്റ് ഇറേസർ, സംഭാഷണങ്ങൾക്കുള്ള തത്സമയ വിവർത്തനം, ഓഡിയോ ഫയലുകൾക്കുള്ള തത്സമയ ട്രാൻസ്‌ക്രിപ്റ്റ്, എന്നിവയും ആപ്പിൾ ഇന്‍റലിജൻസിലൂടെ പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്നു.
ഇവയൊന്നും പുതിയ കണ്ടുപിടുത്തങ്ങളല്ല. പലതും ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ വന്നുകഴിഞ്ഞ സംവിധാനങ്ങളാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി Apple-OpenAI പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്. എന്നിരുന്നാലും ഈ കൂട്ടുകെട്ട് ഇപ്പോഴും ഉറപ്പായിട്ടില്ല.
ആപ്പിൾ അതിന്‍റെ നിലവിലുള്ള ചില ആപ്പുകൾ അപ്ഡേറ്റ് ചെയ്യുകയും അതിന്‍റെ ഉപകരണങ്ങൾക്കായി പുതിയ സോഫ്‌റ്റ്‌വെയർ പതിപ്പുകൾ പ്രഖ്യാപിക്കുകയും ചെയ്യും. Apple Vision Pro-യ്ക്കുള്ള VisionOS-നുള്ള അപ്‌ഡേറ്റും പ്രഖ്യാപിച്ചേക്കാം. മൊത്തത്തിൽ, സമീപകാലത്തെ ഏറ്റവും ആവേശകരമായ WWDC-കളിൽ ഒന്നാകും ഇത്.
ALSO READ: ഒറ്റയ്‌ക്കാണോ? കൂട്ടിന് എഐ ഉണ്ട്; ഏകാന്തതയ്‌ക്കെതിരെ നിര്‍മ്മിത ബുദ്ധി ഫലപ്രദമെന്ന് പഠനം