തിരുവനന്തപുരം : കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന്‍റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി 53കാരിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലയന്‍സ് പമ്പിന് സമീപത്തെ ബസ്‌റ്റോപ്പിലാണ് അപകടം നടന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ ചാവടിനട സ്വദേശി ഉഷയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (KSRTC ACCIDENT ).
ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോവുകയായിരുന്നു ഉഷ. ബസ് സ്‌റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അതേ ബസിന്‍റെ പിൻചക്രം ഉഷയുടെ ഇരുകാലുകളിലൂടെയും കയറിയിറങ്ങിയത്. സംഭവസ്ഥലത്ത് എത്തിയവർ ചേർന്ന് ബസിനടിയില്‍ നിന്ന് ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
അതേസമയം ഇന്ന് ഓടിക്കൊണ്ടിരുന്ന ടിപ്പർലോറിയിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണ് ബി ഡി എസ് വിദ്യാർഥി മരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിലായിരുന്നു അപകടം. മുക്കോല സ്വദേശി അനന്തു (24) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനന്തുവിന്‍റെ മരണം.