തൃശൂർ: പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മാള സ്വദേശിനി നീതു(31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ചികിത്സ പിഴവെന്നാരോപിച്ച് ബന്ധുക്കൾ ചാലക്കുടി പോട്ട പാലസ് ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പാലസ് ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്കായി ഞായറാഴ്‌ചയാണ് (ഏപ്രിൽ 7) നീതു അഡ്‌മിറ്റായത്. തിങ്കളാഴ്‌ചയായിരുന്നു ശസ്ത്രക്രിയ. പ്രസവം കഴിഞ്ഞ് 9 ദിവസത്തിന് ശേഷമാണ് നീതു ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ഇതിനിടെ ഫിറ്റ്സ് വന്ന് നീതു ഗുരുതരാവസ്ഥയിലായി. തുടർന്ന് വിദഗ്‌ദ ചികിത്സയ്ക്കായി നീതുവിനെ പാലസ് ആശുപത്രിയിൽ നിന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് നീതു മരിച്ചത്.
ശസ്ത്രക്രിയക്ക് അനസ്തേഷ്യ നൽകിയതിലെ അപാകത മൂലമാണ് നീതു മരിക്കാൻ ഇടയായതെന്നാരോപിച്ച് ബന്ധുക്കൾ തുടർന്ന് പാലസ് ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ചാലക്കുടി പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. അതേസമയം പോസ്മോർട്ടം നടപടികൾക്ക് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.
Also read: ചികിത്സയിലിരിക്കെ അഞ്ച് വയസുകാരന്‍ മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്