കണ്ണൂര്‍: രുചി വൈവിധ്യങ്ങളുടെ കലവറയാണ് തലശേരിയിലെ 'വിത്ത് ലൗ ഹോം മെയ്‌ഡ് തട്ടുകട'. മുട്ട ചേര്‍ത്ത വിഭവങ്ങള്‍ എത്രയുണ്ടെന്ന് അറിയണമെങ്കില്‍ തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തെ ഹോം മെയ്‌ഡിലെത്തണം. വീട്ടില്‍ നിന്നും പാചകം ചെയ്‌ത് കൊണ്ടുവരുന്നതിനാല്‍ ഹോംമെയ്‌ഡിലെ പലഹാരങ്ങളുടെ രുചി തേടിയെത്തുന്നവരെ മായാലോകത്തെത്തിക്കും. കുടുംബശ്രീ കൂട്ടായ്‌മയാണ് ഈ സംരംഭത്തിന് പിന്നില്‍.
മുട്ട മാല, യൂറോ ബണ്‍, കമീറ, കല്‍മാസ്, എഗ് പിസ തുടങ്ങി അമ്പതിലേറെ മുട്ടയും ചിക്കനും ചേര്‍ത്ത വിഭവങ്ങളുടെ സ്വാദ് അറിയണമെന്നുണ്ടെങ്കില്‍ ഇവിടെ എത്തണം. തലശേരിയുടെ തനത് വിഭവങ്ങളായ ഇറച്ചി പത്തല്‍, ഉന്നക്കായ, കായപ്പോള, പെട്ടിപ്പത്തല്‍, ചട്ടിപ്പത്തല്‍, ചിക്കന്‍ലാവ, ചിക്കന്‍ ക്രീമി, ക്രോപ്പെറ്റ്, ചിക്കന്‍ ലോലിപോപ്പ്, യൂറോസിസ്, കരിപിരി തുടങ്ങി ഒട്ടേറെ പുത്തന്‍ വിഭവങ്ങളും ഹോംമെയ്‌ഡില്‍ ലഭിക്കും.
തലശേരി നഗരസഭയുടെ മുന്‍ വൈസ് ചെയര്‍പേഴ്‌സണായ നജ്‌മ ഹാഷിം സെക്രട്ടറിയായുള്ള കുടുംബശ്രീയാണ് ഈ പലഹാര കടയുടെ നടത്തിപ്പുകാര്‍. നജ്‌മയുടെ വീട്ടില്‍ പാചക പുര സജീകരിച്ച് ആറ് വനിതകള്‍ ചേര്‍ന്നാണ് പലഹാരങ്ങള്‍ ഒരുക്കുന്നത്. കൃത്രിമ രാസവസ്‌തുക്കളോ നിറങ്ങളോ ചേര്‍ക്കാതെയാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. തനത് രുചിയില്‍ തന്നെ വിഭവങ്ങള്‍ ആളുകളില്‍ എത്തിക്കണമെന്നുള്ളത് കൊണ്ടാണ് പരമ്പരാഗത രീതിയില്‍ തന്നെ ഇവയെല്ലാം പാചകം ചെയ്യുന്നത്.
ചായയ്‌ക്കൊപ്പം രുചികരമായ ഇഷ്‌ടപലഹാരം തേടിയാണ് രുചി പ്രേമികള്‍ ഇവിടെ എത്തുന്നത്. വൃത്തിയിലും രുചിയിലും പലഹാരങ്ങള്‍ ഒരുക്കുന്നതിനാല്‍ പതിവുകാരാണ് ഇവിടെ എത്തുന്നവരില്‍ ഏറേയും. രാവിലെ 10.30ഓടെ ഹോം മെയ്‌ഡ് പലഹാരങ്ങളുമായി കട സജ്ജമാകും. തുറക്കുന്നത് മുതല്‍ ആളുകള്‍ എത്തിത്തുടങ്ങും.
വൈകീട്ട് എട്ട് മണിവരെയാണ് കട പ്രവര്‍ത്തിക്കുക. എന്നാല്‍ മിക്ക ദിവസങ്ങളിലും അതിന് മുമ്പ് തന്നെ വിഭവങ്ങളെല്ലാം കാലിയാകും. പുതുരുചി അറിയേണ്ടവര്‍ ആറ് മണിയോടെയെങ്കിലും എത്തണം. അല്ലെങ്കില്‍ നിരാശയായിരിക്കും ഫലം. മുട്ട വിഭവങ്ങളാണ് മുഖ്യമെങ്കിലും പരിപ്പുവട, പഴം പൊരി, ബോണ്ട എന്നിവയെല്ലാം ചില്ല് കൂട്ടില്‍ സ്ഥാനം പിടിക്കും.
കൊവിഡ് കാലത്ത് സൗജന്യമായി ഭക്ഷണം ഒരുക്കി നല്‍കിയ കമ്യൂണിറ്റി കിച്ചണില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. അക്കാലത്ത് മലയോര മേഖലകളിലെ ആദിവാസികള്‍ക്ക് മുട്ടയും കോഴിയുമെല്ലാം വിപണി ലഭിക്കാതെ നശിച്ചു പോകുന്ന അവസ്ഥയായിരുന്നു. അവര്‍ക്ക് താങ്ങായാണ് തലശേരി നഗരസഭ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. ഇതോടെ വൈസ് ചെയര്‍മാനായിരുന്ന നജ്‌മ ഹാഷിമിന്‍റെ നേതൃത്വത്തില്‍ അത് നടപ്പാക്കാന്‍ ഒരു കുടുംബശ്രീ യൂണിറ്റ് തയ്യാറായി.
തുടര്‍ന്നുള്ള വളര്‍ച്ചയാണ് ഹൈടെക് ആയി ഒരുക്കിയ ഹോം മെയ്‌ഡ് തട്ടുകടയുടെ പൂര്‍ത്തീകരണം. കൊവിഡ് കാലത്ത് കൈതാങ്ങായിരുന്ന സംരംഭം അതിന് ശേഷവും വിജയത്തിന്‍റെ ട്രാക്കില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.