കൊല്ലം: സന്ദേശ്‌ഖാലിയിലെ സ്‌ത്രീകൾക്കായി നിലകൊണ്ടതിനാൽ തന്നെ വലിച്ച് താഴെയിടാൻ ചിലർ ശ്രമിക്കുന്നുവെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. താൻ കൊല്ലംകാരനാണെന്നും കൊല്ലത്തുകാരെ അങ്ങനെയൊന്നും വീഴ്‌ത്താൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്‌ദി ആചരണത്തിന്‍റെ ഭാഗമായുള്ള കുമ്പളത്ത് ശങ്കു പിള്ള അനുസ്‌മരണ ദിനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദേശ്‌ഖാലി വിഷയം പരാമർശിച്ചായിരുന്നു ബംഗാൾ ഗവർണർ സിവി ആനന്ദബോസ് പ്രസംഗം ആരംഭിച്ചത്. സന്ദേശ്‌ഖാലിയിൽ പോകരുതെന്ന് ബംഗാൾ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടു. സുരക്ഷയൊരുക്കാൻ കഴിയില്ലെന്നായിരുന്നു വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻകെ പ്രേമചന്ദ്രൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗം പ്രകാശ് ബാബു, കവി കുരീപ്പുഴ ശ്രീകുമാർ, സ്വാമി കൃഷ്‌ണമയാനന്ദ തീർഥപാദർ, കോലത്ത് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.