പത്തനംതിട്ട: ആത്മഹത്യ ചെയ്‌ത സുഹൃത്തിന്‍റെ സംസ്‌കാര ചടങ്ങിനെത്തി അക്രമം അഴിച്ചുവിട്ട് യുവാക്കള്‍. കൊടുമൺ പൊലീസ് സ്റ്റേഷനിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അതുൽ പ്രകാശിന്‍റെ ശവസംസ്‌കാരത്തിനെത്തിയ യുവാക്കളാണ് ചടങ്ങുകള്‍ക്ക് ശേഷം അക്രമം അഴിച്ചു വിട്ടത്. റോഡിൽ ഗതാഗതം തടഞ്ഞും വീടുകൾക്ക് നേരെ കല്ലെറിഞ്ഞും ഇവർ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു.
സംഭവത്തില്‍ 6 യുവാക്കളെ കൊടുമൺ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പിസികെ ലേബർ ലൈനിൽ ബി അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ ലാൽ (27), കൂടൽ നെടുമൺ കാവ് പിസികെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ അരുൺ (29), ഓമല്ലൂർ ചീക്കനാൽ മേലേപ്പുറത്ത് വീട്ടിൽ ബിപിൻ കുമാർ(30), കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കണ്ടാലറിയാവുന്ന 4 പേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കൊടുമൺ ഇടത്തിട്ടയിലായിരുന്നു യുവാക്കളുടെ അതിക്രമം. അതുലിന്‍റെ ശവ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് സുഹൃത്തുക്കളായ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്.
ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂർ റോഡിൽ സംഘം ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയും ചെയ്‌തു. ക്ഷേത്ര ദർശനത്തിന് പോയവരെ അസഭ്യം പറയുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്‌ത സംഘത്തെ സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർ പി വിനോദിന്‍റെ നേതൃത്വത്തിൽ തടയുകയായിരുന്നു.
തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ പൊലീസിന് നേരെ ഇവര്‍ കല്ലെറിയുകയും ചെയ്‌തു. ഏറെ ശ്രമകരമായാണ് പൊലീസ് ഇവരെ കീഴടക്കിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിന്‍റെ നിർദേശാനുസരണം അടൂർ ഡിവൈഎസ്‌പി ജി സന്തോഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ പി വിനോദ്, എഎസ്‌ഐ നൗഷാദ് , എസ്‌സിപി ഓ അനൂപ്, സിപിഓമാരായ എസ്‌പി അജിത്ത്, സുരേഷ്, അനൂപ്, ജോൺ ദാസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഒന്നാം പ്രതി അർജുനെതിരെ കൂടൽ പൊലീസ് സ്റ്റേഷനിൽ 2022ൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കേസില്‍ കൂട്ടുപ്രതിയാണ് മൂന്നാം പ്രതി ആനന്ദ്. രണ്ടാം പ്രതി ഷെമിൻ ലാലിനെതിരെ കൊടുമൺ സ്റ്റേഷനിലും കേസുണ്ട്.
അരുണ്‍ കൊടുമൺ, പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ മോഷണം, കഞ്ചാവ് കൈവശം വയ്‌ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, മനഃപ്പൂർവമല്ലാത്ത നരഹത്യാ ശ്രമം, ലഹളയുണ്ടാക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. ആറാം പ്രതി അബിനെതിരെ അടൂർ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.