കാസർകോട് : ആനയെ ട്രാക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടതാണ് വയനാട്ടില്‍ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വന്യമൃഗ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. മാനന്തവാടിയിലേത് ദൗർഭാഗ്യകരമായ സാഹചര്യമാണ്.
സംസ്ഥാനത്ത് മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുന്നു.എന്നാല്‍ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. വനം വകുപ്പ് മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ല. എത്രയും വേഗം രാജിവച്ച് ഇറങ്ങി പോകണമെന്നും വി ഡി സതീശൻ പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഒന്നും ചെയ്യുന്നില്ല. കർഷകർ തീരാദുരിതം നേരിടുകയാണ്. ഇരകൾക്ക് നഷ്‌ട പരിഹാരം പോലും സർക്കാർ കൊടുക്കുന്നില്ല. കണ്ണും കാതും മനസും മൂടിവച്ചിരിക്കുന്ന സർക്കാരാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.
ഇന്ന് രാവിലെ വയനാട് അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്താണ് ആന അകത്തുകടന്ന് ആക്രമണം നടത്തിയത്.
കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കുറുക്കന്മൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.
പ്രതികരിച്ച് ടി സിദ്ദിഖ് : കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖും വനംമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി വനം മന്ത്രിയാണ്. വയനാട്ടില്‍ മനുഷ്യ ജീവന് ഒരു വിലയുമില്ലാതെ ആയിരിക്കുന്നു. ഒരു രക്ഷയുമില്ലാതെ ജനങ്ങള്‍ വന്യജീവി ആക്രമണത്തിനും, മരണത്തിനും കീഴടങ്ങുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പരാജയമാണെന്നും ടി സിദ്ദിഖ് വിമര്‍ശിച്ചു.
വയനാട്ടിലെ സാമൂഹിക ജീവിതം വന്യജീവി ശല്യം മൂലം തകർന്നു. എന്നിട്ടും വയനാട്ടിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.