തിരുവനന്തപുരം: നിയമസഭ നടപടി ചട്ടം അനുസരിച്ച് മുൻകൂട്ടി എഴുതി നൽകിയിട്ടും മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നതിൽ നിന്ന് മാത്യു കുഴൽനാടനെ (Mathew Kuzhalnadan) തടഞ്ഞ സ്‌പീക്കർ എ എൻ ഷംസീറിൻ്റെ (Speaker AN Shamseer ) നടപടിക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് നിയമസഭയിൽ പ്രതിഷേധം സ്‌പീക്കറെ അറിയിച്ചത്. സഭ നടപടി ചട്ടം 285 (1) അനുസരിച്ച് മുൻകൂട്ടി എഴുതി നൽകി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരെ അഴിമതി ആരോപണം ഉന്നയിക്കാവുന്നതാണെന്ന് സതീശൻ (VD Satheesan) ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് താൻ. മാത്യു കുഴൽനാടൻ ആരോപണം എഴുതി നൽകിയപ്പോൾ പതിവിന് വിപരീതമായി സ്‌പീക്കറുടെ ഓഫിസ് രേഖകൾ ആവശ്യപ്പെട്ടു. രേഖകളുടെ പകർപ്പ് ഹാജരാക്കിയപ്പോൾ സ്‌പീക്കറുടെ ഓഫിസ് ഒറിജിനൽ രേഖകൾ ആവശ്യപ്പെട്ടു.
വ്യവസായ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്താണ് ഒറിജിനൽ രേഖ. ഇത് ഔദ്യോഗിക രേഖയാണ്. ഇതിൻ്റെ പകർപ്പ് മാത്രമേ ലഭിക്കുകയുള്ളൂ.
മാത്യു കുഴൽനാടനോട് ഒറിജിനൽ രേഖ ആവശ്യപ്പെട്ട സ്‌പീക്കർ തനിക്കെതിരെ ആരോപണം ഉന്നയിച്ച പി വി അൻവറിനോട് ഒറിജിനൽ രേഖ ആവശ്യപ്പെട്ടില്ലല്ലോ. പ്രതിപക്ഷം എന്നിട്ടും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതിന് മറുപടി പറയാനുള്ള അവസരവും തനിക്ക് ലഭിച്ചു.
സ്‌പീക്കറുടെ റൂളിങ് ചോദ്യം ചെയ്യുന്നില്ലെങ്കിലും സ്‌പീക്കറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ സ്‌പീക്കർ അവതരണം തടഞ്ഞതിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും വോക്കൗട്ട് നടത്തുകയും ചെയ്‌തതോടെ ആ പ്രശ്‌നം അവിടെ തീർന്നെന്നും അത് വീണ്ടും ചർച്ച ചെയ്യേണ്ടതില്ലെന്നും നിയമ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
എന്നാൽ ആരോപണം തെളിയിക്കാൻ നൽകിയ രേഖ വായിക്കാൻ പോലും ആകാത്ത വിധം അവ്യക്തമായിരുന്നെന്ന് സ്‌പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.
Also read: 'സപ്ലൈകോയെ ദയാവധത്തിലേക്ക് തള്ളിവിടുന്നു' ; നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്