തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, മാഫിയ സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിഷയം നിയമസഭയിലെ ശൂന്യ വേളയിൽ ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധ സൂചകമായി വാക്ക് ഔട്ട് നടത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതക കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി എന്നിവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തിന് പരാതി നൽകിയ മനു തോമസിനെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലകളിൽ ക്വാറി ഉടമകൾക്ക് സൗകര്യം ഒരുക്കുന്ന രീതിയിലാണ് സിപിഎം ഏരിയ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതെന്ന വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. കണ്ണൂരിൽ അധോലോക ക്വട്ടേഷൻ സംഘങ്ങൾ തഴച്ചു വളരുന്നതിന് പിന്നിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനും അദ്ദേഹത്തിന്‍റെ മകനുമെതിരെ മനു തോമസ് ഉയർത്തിയ ആരോപണങ്ങൾ അതീവ ഗൗരവതരമാണ്.
സിപിഎം നേതാക്കൾക്കും സിപിഎം കണ്ണൂർ ലോബിക്കുമെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തുന്ന എല്ലാ ആരോപണങ്ങളെയും സർക്കാർ തടസപ്പെടുത്തുകയാണ്. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റിധാരണ ജനകമായ മറുപടികളാണ് മന്ത്രിമാർ നൽകുന്നത്. പ്രതിപക്ഷത്തിനെതിരെ നിയമസഭയെ പോലും ദുരുപയോഗം ചെയ്യുകയാണ് ഭരണപക്ഷമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.