തൃശൂർ : തൃശൂരിലും തിരുവനന്തപുരത്തും സിപിഎം വോട്ടുകൾ നേടി വിജയിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് മണ്ഡലങ്ങളിലാണ് സി പി എം ബി ജെ പി രഹസ്യധാരണയുള്ളത്.
കേരളത്തിൽ ഒരിടത്തും ബി ജെ പി വിജയിക്കാൻ കോൺഗ്രസ് അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. തൃശൂർ മേയറുടെ പ്രസ്‌താവന ബി ജെ പി ബാന്ധവത്തിന് തെളിവാണ്.എന്നാൽ അതിനെയെല്ലാം മറികടന്ന് യു ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നതിൽ ഒരാശങ്കയുമില്ല. സി പി എം ,ആർ എസ് എസ് സംഘടനകൾക്കിടയിലെ മധ്യസ്ഥനാണ് ശ്രീ എം എന്നും വി.ഡി സതീശൻ ആരോപിച്ചു.
ലാവ്ലിൻ കേസിൽ ആറര കൊല്ലമായി നടക്കുന്ന നീട്ടിവെക്കൽ, സ്വർണക്കടത്ത് കേസ്, ഇഡി അന്വേഷണം, കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിച്ചതും മാസപ്പടി വിവാദവും ഉൾപ്പടെ സി പി എം , ബി ജെ പി ബാന്ധവം വ്യക്തമാണ്.ബിജെപിയും സി പി എമ്മും ഇപ്പോൾ ബിസിനസ് പങ്കാളികളാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്നത് ബി ജെ പിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് തകർന്നാൽ അതിൻ്റെ സഹായം ആർക്കാണെന്ന് മുഖ്യമന്ത്രി പറയണം. നാല്‍പ്പത്തിയഞ്ച് ലക്ഷം ആളുകൾക്ക് ക്ഷേമനിധി പെൻഷനില്ല. സർക്കാർ ആശുപത്രിയിൽ മരുന്നില്ല. മാവേലി സ്‌റ്റോറിൽ സാധനങ്ങളില്ല. പതിനാറായിരം കോടി കരാറുകാർക്ക് നൽകാനുള്ളതിനാൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. കേരളത്തെ അഴിമതി കൊണ്ടും കെടുകാര്യസ്ഥതകൊണ്ടും ഈ സർക്കാർ തകർത്തതാണന്ന് ഈ തെരെഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടും. ഇതെല്ലാം മറച്ചുവെക്കാനാണ് കോൺഗ്രസിനും, രാഹുൽ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പ്രസംഗിക്കുന്നത്.
തൃശൂരിലെ സി പി എം നേതാക്കൾ മുഴുവൻ കരുവന്നൂർ കേസിൽ ഇഡി പേടിയിലാണ് കഴിയുന്നത്.
ഭയമാണ് സി പി എമ്മിനെയും പിണറായിയെയും ഭരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. കെ ഫോണിൽ സിബിഐ അന്വേഷണം വേണം. ഏഴ് മാസം കൊണ്ട് പൂർത്തിയാക്കേണ്ട കെ ഫോൺ ഏഴ് കൊല്ലമായിട്ടും പൂർത്തിയായിട്ടില്ല. കെ ഫോണിലൂടെ ആയിരക്കണക്കിന് രൂപ കൊള്ളയടിക്കുകയാണ്.20 ലക്ഷം പേർക്ക് കണക്ഷൻ നൽകുമെന്ന് വാഗ്ദാനം നൽകി.സർക്കാർ ഖജനാവിൽ നിന്നും പരസ്യമായി കൊള്ളയടിക്കുന്നു. മുഖ്യമന്ത്രിയും ഇതിൽ പങ്കാളിയാണന്ന് വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയത്. വന്യമൃഗ ശല്യത്തിൽ സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുന്നതാണ് ഇന്നലെ കോതമംഗലം കോട്ടപ്പടിയിൽ കണ്ടത്. ജനങ്ങൾ ഭയത്തിലാണ് കഴിയുന്നത്. വനാതിർത്തി കളിൽ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയുപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസിൻ്റെ പ്രഖ്യാപിത നിലപാടാണ്. സി എ എ എന്ന പദം പ്രകടന പത്രികയിൽ ആവശ്യമല്ല. ഞങ്ങളുടെ പ്രകടന പത്രിക എഴുതാനുള്ള അവകാശം തങ്ങൾക്ക് വിട്ട് തരണം.മറ്റു വിഷങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് സി എ എയെക്കുറിച്ച് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.