തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭയിൽ ബഡ്‌ജറ്റിന്മേലുള്ള ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് എം വി ഗോവിന്ദൻ തുറന്ന് സമ്മതിച്ചത്.
തെരഞ്ഞെടുപ്പ് ജയത്തിൽ കോൺഗ്രസിന് വലിയ ആവേശം വേണ്ട. കേരളത്തെ സംബന്ധിച്ചു പറയുമ്പോൾ തങ്ങൾ തോറ്റിരിക്കുകയാണെന്നതിൽ യാതൊരു സംശയവുമില്ല. കോൺഗ്രസിന് എത്ര തവണ ദയനീയമായി തോൽവി ഉണ്ടായിട്ടുണ്ട്? 2004 ൽ ഒരു കോൺഗ്രസുകാരനും വിജയിച്ചിരുന്നില്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേക രീതിയാണ്. ഞങ്ങളും തോറ്റിട്ടുണ്ട് നിങ്ങളും തോറ്റിട്ടുണ്ട്. പ്രതീക്ഷിക്കാത്ത പരാജയമാണ് ഉണ്ടായത്. വിശദമായ പരിശോധന നടത്തും. ആവശ്യമായ തിരുത്തലുകൾ നടത്തും
സംഘടനാപരമായ കാര്യങ്ങളും പരിശോധിക്കും. ശക്തമായി തിരിച്ചുവരും.
ബിജെപിക്ക് 11 സീറ്റുകളിൽ ഭൂരിപക്ഷമുള്ളത് ഗൗരവമായി പരിശോധിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ പ്രചരണം നടന്നു. നിങ്ങൾ നൽകിയ കാര്യം വച്ചാണ് രാഹുൽ ഗാന്ധി പിണറായി വിജയനെതിരെ പ്രസംഗിച്ചത്. പിണറായി വിജയനെ അറസ്‌റ്റ് ചെയ്യാൻ ഏത് കേസ് ആണ് ഉണ്ടായിരുന്നതെന്നും എം വി ഗോവിന്ദൻ ചോദിച്ചു. തൃശൂരിൽ കോൺഗ്രസ് വോട്ട് വാങ്ങിയാണ് ബിജെപി ജയിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നേമത്ത് സംഭവിച്ചത് തന്നെയാണ് തൃശ്ശൂരിലും സംഭവിച്ചത്. വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. 11 മണ്ഡലത്തിലും കോൺഗ്രസിന് ഉണ്ടായിരുന്ന വോട്ട് കുറഞ്ഞു. കോൺഗ്രസിന് കഴിഞ്ഞപ്രാവശ്യം കിട്ടിയ വോട്ട് ആണ് ഇത്തവണ കുറഞ്ഞതും ബിജെപിക്ക് ലഭിച്ചതും. മുഖ്യമന്ത്രിയാകാൻ നിങ്ങൾ കാത്തിരിക്കേണ്ട. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ രീതിയിൽ എൽ ഡി എഫ് മുന്നോട്ട് വരും. കോൺഗ്രസിന്‍റെ വോട്ടിൽ വലിയ തരത്തിലുള്ള കുത്തൊഴുക്കാണ് ഉണ്ടായത്.
ബിജെപിയുടെ മുന്നേറ്റം അതിശക്തമായി എതിർക്കപ്പെടേണ്ട രാഷ്‌ട്രീയം തന്നെയാണ്. 123ല്‍ പിന്നോട്ട് പോയിട്ട് തങ്ങൾ 99 തിരിച്ചു വന്നിട്ടുണ്ട്. തൃശ്ശൂരിൽ 86, 965 വോട്ടുകൾ യുഡിഎഫിന് കുറഞ്ഞു. 16226 വോട്ടുകൾ ഇടതുമുന്നണിക്ക് കൂടുതൽ കിട്ടി. 74,000 വോട്ടിന് ബിജെപി ജയിച്ചുവെന്നും എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയം: രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍