അപകടം മൂലമുണ്ടായ അംഗവൈകല്യത്തെ ജന്മസിദ്ധമായി കിട്ടിയ കലയിലൂടെ മറികടക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി ടുട്ടുമോൻ. വ്യത്യസ്‌തമായ ചിത്രകലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇതിനോടകം ഇടം നേടിക്കഴിഞ്ഞു ഈ കലാകാരൻ.
ചിത്രകലയിൽ സ്വീകരിച്ചു വരുന്ന വ്യത്യസ്‌തത തന്നെയാണ് ടുട്ടുമോനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. നൂലിൽ തീർത്ത ഉമ്മൻചാണ്ടിയുടെ ചിത്രം, സ്‌ക്രൂ ആർട്ടിൽ സുരേഷ് ഗോപി, ഒന്നരലക്ഷത്തോളം തീപ്പെട്ടിക്കമ്പുകൾ ഉപയോഗിച്ച് നിർമിച്ച വ്യവസായി എംഎ യൂസഫലി, ഏറ്റവും ഒടുവിൽ ഇപ്പോഴിതാ വിവിധ വർണങ്ങളിലുള്ള ബട്ടൺസുകൾ ചേർത്തുവച്ച് ബോബി ചെമ്മണ്ണൂരിന്‍റെ ജീവൻ തുടിക്കുന്ന ചിത്രവും.
15,000 ബട്ടൺസുകൾ ഉപയോഗിച്ച് 10 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത്. ഇതിനുമുമ്പ് 32,423 സ്‌ക്രൂകൾ ഉപയോഗിച്ച് തീർത്ത സുരേഷ് ഗോപിയുടെ ചിത്രമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. നൂലിൽ തീർത്ത ഉമ്മൻചാണ്ടിയുടെ ചിത്രം പുതുപ്പള്ളിയിൽ എത്തിച്ചു നൽകിയിട്ടുണ്ട്. ബട്ടൺസിൽ തീർത്ത ചിത്രം കണ്ട് ബോബി ചെമ്മണ്ണൂർ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹത്തിന് ചിത്രം നേരിട്ട് കൈമാറണം എന്നതാണ് ടുട്ടുമോന്‍റെ ആഗ്രഹം.
പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന ടുട്ടുമോൻ ചെറുപ്പം മുതൽ തന്നെ ചിത്രകലയെ നെഞ്ചോട് ചേർത്തിരുന്നു. എന്നാൽ പത്തുവർഷം മുമ്പ് വലിയൊരപകടം ഇദ്ദേഹത്തെ 'ഇരുത്തിക്കളഞ്ഞു'. ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുകയായിരുന്നു. പിന്നീട് മറ്റു ജോലികൾക്കൊന്നും പോകാൻ കഴിഞ്ഞില്ല.
ഒറ്റയ്‌ക്കിരിപ്പിന്‍റെ വിരസത മാറ്റാൻ തുടങ്ങിയതാണ് വേറിട്ട ഈ ചിത്രകല. ഓടി നടക്കുന്ന കാലത്ത് ഇതുപോലെയൊന്നിരുന്ന് പോയാൽ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള അവസരമായി അതിനെ കാണണമെന്നാണ് ടുട്ടുമോന്‍റെ പക്ഷം. സ്വന്തം അധ്വാനത്തിലൂടെ ഉപജീവനത്തിനുള്ള മാർഗവും കണ്ടെത്തുന്നുണ്ട് ഈ കലാകാരൻ. ടുട്ടുമോനും അമ്മയും ചേർന്ന് ബിരിയാണി ഉണ്ടാക്കി വഴിയരികിൽ കച്ചവടം നടത്തും. ഇതിൽനിന്ന് കിട്ടുന്ന വരുമാനമാണ് ഇപ്പോൾ കുടുംബത്തിന്‍റെ ഉപജീവനമാർഗം.
ALSO READ: ഒരു ലില്ലിപുട്ട് പച്ചവേഷം; ആടയാഭരണങ്ങളും മുഖമെഴുത്തുമായി 'കയ്യിൽ ഒതുങ്ങുന്ന' കഥകളിക്കാഴ്‌ചകൾ