എറണാകുളം: കുള്ളൻ കഥകളി ശില്‌പങ്ങൾ നിർമ്മിച്ച് ലോക ശ്രദ്ധ ആകർഷിക്കുകയാണ് ത്രിവിക്രമൻ. കരിക്കകം ത്രിവിക്രമൻ, അങ്ങനെ പറഞ്ഞാലാകും ആളുകൾക്ക് എളുപ്പം മനസിലാകുക. തിരുവനന്തപുരം സ്വദേശി ആണെങ്കിലും ത്രിവിക്രമന്‍റെ കർമ്മമണ്ഡലം അങ്ങ് കടലു കടക്കും.
കഥകളിയിലെ പച്ച, കത്തി, താടി, മിനുക്ക്, വട്ടമുടി അങ്ങനെയുള്ള എല്ലാ വേഷങ്ങളും ചാർത്തിയെടുത്ത് ഒരു കൈക്കുമ്പിളിൽ ഒതുങ്ങുന്ന ശില്‌പങ്ങൾ നിർമ്മിക്കാൻ വിദഗ്‌ധനാണ് ഇദ്ദേഹം. കുള്ളൻ കഥകളി ശില്‌പങ്ങളുടെ ആവശ്യക്കാർ ഏറെയും വിദേശികളാണ്. അതോടൊപ്പം ആഭ്യന്തര വിപണിയിലും ഇന്ന് ആവശ്യക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
കോളജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്നും നാലുവർഷത്തെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞാണ് ത്രിവിക്രമൻ ശില്‌പങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. കഥകളി ആചാര്യനായിരുന്നു പിതാവ് ഭാസ്‌കരൻ ശാസ്ത്രികൾ. പിതാവിൽ നിന്ന് കഥകളിയും ത്രിവിക്രമൻ അഭ്യസിച്ചിട്ടുണ്ട്. കഥകളി കലാകാരൻ ആയില്ലെങ്കിലും കഥകളി രൂപങ്ങൾ നിർമ്മിച്ച് ഇന്ന് പ്രശസ്‌തി ആർജിക്കുകയാണ് അദ്ദേഹം.
ഒറ്റത്തടിയിൽ കൊത്തിയെടുത്ത്, വേഷ ഭൂഷാതികൾ ചാർത്തി, മുഖം എഴുതി, കിരീടം വച്ചാൽ കൃഷ്‌ണനും രാവണനും കീചകനും ഒറിജിനലിനെ വെല്ലുന്ന ചെറു ശില്‌പങ്ങളായി മാറും. അണിയിക്കുന്ന ആഭരണങ്ങൾക്കും മുഖം എഴുത്തിനും യഥാർഥ കഥകളി രൂപങ്ങളുമായി തെല്ലും വ്യത്യാസം ഉണ്ടാകാറില്ല. നളൻ, കർണൻ, കൃഷ്‌ണൻ, ഭീമസേനൻ തുടങ്ങിയ പച്ച വേഷങ്ങളോടാണ് ത്രിവിക്രമന് പ്രിയം. ശില്‌പക്കച്ചവടം പ്രധാനമായും കേരള കരകൗശല വികസന കോർപ്പറേഷൻ വഴിയാണ്.
ALSO READ: കൊല്ലം ബീച്ചിൽ കശുവണ്ടിയില്‍ മുഖ്യമന്ത്രിയുടെ രൂപം; അപൂർവ കാഴ്‌ച ഒരുക്കി ഡാവിഞ്ചി സുരേഷ്