എറണാകുളം: തോപ്പുംപടിയിൽ ബിനോയി സ്‌റ്റാൻലി എന്ന യുവാവിനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൃത്യം ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി അലൻ്റെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. സംഭവ സമയം പ്രതി ധരിച്ച വസ്‌ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചു. അലനെ വീട്ടിലും, കൊല നടത്തിയ കടയിലുമെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തിയും വസ്‌ത്രങ്ങളും കണ്ടെത്തിയത്. പ്രതിയെ ഇന്ന് (17-05-2024) കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ബിനോയി സ്‌റ്റാൻലിയുടെ അയൽവാസിയായ അലനെ തോപ്പുംപടി പൊലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു. തോപ്പുംപടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഇയാളെ നാട്ടുകാർ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കസ്‌റ്റഡിയിലെടുത്തു.
പ്രതിക്ക് വേണ്ടി പൊലീസ് ഇതര ജില്ലകളിലേക്ക് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതിയെ ഡീ-അഡിക്ഷൻ സെൻ്ററിൽ എത്തിച്ചതുമായി ബന്ധപ്പെട്ട് ബിനോയിയോട് വൈരാഗ്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
ബുധനാഴ്‌ച വൈകുന്നേരം ഏഴേമുക്കാലോടെയാണ് തോപ്പുംപടിയിലെ കടയിൽ ബിനോയി സ്‌റ്റാൻലി കുത്തേറ്റ് മരിക്കുന്നത്. വാക്കു തർക്കത്തിനിടെ ബിനോയിയെ അലൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബിനോയിയെ പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി അലൻ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.