കണ്ണൂര്‍: തലശ്ശേരി റെയില്‍വേ സ്‌റ്റേഷൻ്റെ വികസന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. വടകര എംപിയായിരുന്നപ്പോൾ കെ മുരളീധരന്‍ മുന്‍കൈയ്യെടുത്ത് അമൃതം പദ്ധതിയില്‍ ഉൾപ്പെടുത്തിയതോടെയാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷൻ്റെ വികസന കുതിപ്പ് തുടങ്ങിയത്. 20 കോടി രൂപ ചെലവിലുള്ള സ്റ്റേഷന്‍ വികസനത്തിന് പുറമേ വിപുലമായ പാര്‍ക്കിങ് സൗകര്യവും ഒരുങ്ങിക്കഴിഞ്ഞു.
തലശ്ശേരിയുടെ മുഖച്‌ഛായ തന്നെ മാറുന്ന വികസനമാണ് റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തോടെ പൂര്‍ത്തിയാവുക. റെയില്‍വേ സ്‌റ്റേഷന്‍ മാറ്റിയെടുക്കുകയും പ്ലാറ്റ്‌ഫോം നവീകരിക്കലും ചുറ്റുമതില്‍ നിര്‍മ്മാണവുമൊക്കെ അമൃതം പദ്ധതിയിലെ വികസനത്തിൽപ്പെടും. സൗകര്യമുള്ള ടിക്കറ്റ് കൗണ്ടറുകള്‍, റിസര്‍വേഷനുള്ള ആധുനിക സംവിധാനം, യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള വിശ്രമ മുറികള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏറെക്കാലമായി ദുരിതമനുഭവിക്കുന്ന തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയും നഗരത്തില്‍ നിന്ന് നേരിട്ടുള്ള റോഡുവഴി ബന്ധപ്പെടുത്തിയതുമെല്ലാം വികസനത്തിൻ്റെ ഭാഗമാണ്. നിലവില്‍ പരിമിതമായ ട്രെയിനുകള്‍ക്ക് മാത്രമേ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. മഹാരാഷ്‌ട്രയിലെ പൂനെ, മുംബൈ എന്നിവിടങ്ങളില്‍ ടയര്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ തലശ്ശേരിയിലുണ്ട്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ബേക്കറി സംരംഭകരായും തൊഴിലാളികളായും തലശ്ശേരിക്കാരുണ്ട്.
എന്നാല്‍ തലശ്ശേരിയില്‍ നിന്ന് നേരിട്ട് ഇവിടങ്ങളിലേക്കുള്ള യാത്രാ സൗകര്യം വിരലിലെണ്ണാവുന്ന ട്രെയിനുകളില്‍ ഒതുങ്ങുന്നു. സ്വദേശത്തുനിന്ന് തിരിച്ച് പോകാനും നാട്ടിലേക്ക് വരാനും ഇവര്‍ക്കും കുടുംബങ്ങള്‍ക്കും യാത്രാ സൗകര്യം പരിമിതമാണ്. കുടുംബസമേതം യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് ഏറെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണൂരില്‍ നിന്ന് തലശ്ശേരിക്കുള്ള ദൂരം 22 കിലോമീറ്റര്‍ മാത്രമേ ഉള്ളുവെന്ന വാദമാണ് റെയില്‍വേ അധികൃതര്‍ ഉന്നയിക്കുന്നത്. അതിനാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്താന്‍ പ്രയാസമുണ്ടെന്നതാണ് റെയില്‍വേയുടെ നിലപാട്. ലോക്‌സഭ മണ്ഡലങ്ങളുടെ ആസ്ഥാനം കണ്ണൂര്‍ കഴിഞ്ഞാല്‍ വടകരയാണ്. കേന്ദ്ര ഗവണ്‍മെൻ്റ് നല്‍കുന്ന വികസന പദ്ധതികള്‍ ലോക്‌സഭ മണ്ഡലം കേന്ദ്രീകരിച്ചാണ്. ഇക്കാരണത്താല്‍ തലശ്ശേരി പോലുളള പൈതൃക നഗരം കാലങ്ങളായി അവഗണിക്കപ്പെടുന്നതായി തലശേരിക്കാർ പറയുന്നു.
വടകര ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട തലശ്ശേരിയില്‍ നിലവിലുള്ള വികസനത്തിന് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഏറെ പരിശ്രമിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വികസനം ഇവരുടെ പ്രവൃത്തി മൂലമാണെന്ന് ഷാഫി പറമ്പില്‍ എംപിയുടെ മണ്ഡലം പ്രതിനിധി എംപി അരവിന്ദാക്ഷന്‍ പറയുന്നു. തലശ്ശേരിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്താനുളള ശ്രമം സിറ്റിങ് എംപി തുടരുന്നതായും അരവിന്ദാക്ഷന്‍ കൂട്ടിച്ചേർത്തു.