കോഴിക്കോട് : കൈ വിരലിന് പകരം നാവിന് ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളജ് പൊലീസ് ചോദ്യം ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് പൊലീസ് ഡോക്‌ടറെ ചോദ്യം ചെയ്‌തത്. സസ്‌പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്‌ടറെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
കുഞ്ഞിൻ്റെ നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ നാവിൽ ശസ്‌ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഡോക്‌ടർ. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നും ഡോക്‌ടർ മൊഴി നൽകി. ശസ്‌ത്രക്രിയാസമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്‌സുമാർക്കും ഡോക്‌ടർമാർക്കും ഒപ്പമാണ് ബിജോൺ ജോൺസണെ ചോദ്യം ചെയ്‌തത്.
മെയ് 16ന് ആയിരുന്നു കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ ചെറുവണ്ണൂരിലെ 4 വയസുകാരിയുടെ നാവില്‍ ശസ്‌ത്രക്രിയ നടത്തിയത്. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശികളുടെ മകള്‍ ആയിഷ റുവയ്‌ക്കാണ് ഡോ. ബിജോൺ ജോൺസൺ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 9 മണിക്ക് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുട്ടിയെ വായയില്‍ പഞ്ഞി തിരുകിയ നിലയിലായിരുന്നു തിരികെയെത്തിച്ചത്.
കുടുംബം പ്രശ്‌നം ചൂണ്ടിക്കാട്ടിയതോടെ കുട്ടിയുടെ നാവില്‍ തടസമുണ്ടായിരുന്നുവെന്നും അതാണ് ശസ്‌ത്രക്രിയ നടത്താന്‍ കാരണമെന്നുമായിരുന്നു ഡോക്‌ടർ പറഞ്ഞത്. പിന്നാലെ കുടുംബം പരാതി നല്‍കുകയും ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.