കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്‌ടറുടെ വാദം ശരിവച്ച് സൂപ്രണ്ട്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നാവിലെ കെട്ട് മാറ്റാനാണ് ഡോക്‌ടർ ശ്രമിച്ചത്.
സംഭവത്തില്‍ അന്വേഷണ വിധേയമായി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണിനെ സസ്‌പെന്‍ഡ് ചെയ്‌തതിന് പിന്നാലെയാണ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡോക്‌ടര്‍ക്ക് നേരെ തുടർ നടപടികൾ വേണ്ടായെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
മെയ് 16നാണ് കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശികളുടെ മകള്‍ ആയിഷ റുവയ്‌ക്കാണ് നാവില്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 9 മണിക്ക് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുട്ടിയെ തിരികെയെത്തിച്ചത് വായയില്‍ പഞ്ഞി തിരുകിയായിരുന്നു. ഇതോടെ കുടുംബം പ്രശ്‌നം ചൂണ്ടിക്കാട്ടി. എന്നാല്‍ കുട്ടിയുടെ നാവില്‍ തടസമുണ്ടായിരുന്നുവെന്നും അതാണ് നാവില്‍ ശസ്‌ത്രക്രിയ നടത്താന്‍ കാരണമെന്നുമായിരുന്നു ഡോക്‌ടറുടെ വിശദീകരണം.
Also Read: കൈയ്‌ക്ക് പകരം നാവ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്‌ത്രക്രിയ
സംഭവത്തില്‍ കുടുംബം പരാതി നല്‍കിയതോടെ ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്. നിലവില്‍ കുട്ടിയിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.