ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ല്‍ ഫെബ്രുവരി 23 ന് നടക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഹര്‍ഭജൻ സിങ്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച് ആരും മത്സരം കാണാൻ കാത്തുനില്‍ക്കരുതെന്നും ആരാധകർ നിരാശരാകുമെന്നും മുൻ ഇന്ത്യൻ ഓഫ് സ്‌പിന്നർ പറഞ്ഞു. പാകിസ്ഥാനെതിരെ നടക്കാൻ പോകുന്നത് ഏകപക്ഷീയമായ പോരാട്ടം ആയിരിക്കുമെന്നും ഏകദിന ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വെറുതേ ഓവര്‍ ഹൈപ്പ് നല്‍കേണ്ട ആവശ്യമില്ല. കാരണം അതിൽ ഒന്നുമില്ല, മത്സരം ഏകപക്ഷീയമായിരിക്കും, ഇന്ത്യ വിജയിക്കും" ഹർഭജൻ ഒരു യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു. സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയാണ് പാകിസ്ഥാന്‍റേത്. ഇന്ത്യയെ വെല്ലുവിളിക്കാനുള്ള കരുത്തൊന്നും പാകിസ്ഥാനില്ലെന്നും ഹര്‍ഭജൻ സിങ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"അവരുടെ പ്രധാന ബാറ്റര്‍മാരെ നോക്കൂ. ബാബർ അസമാണ് അവരുടെ സ്റ്റാർ ബാറ്റര്‍. ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിന്‍റെ ശരാശരി 31 ആണ്. അദ്ദേഹം ഒരു മികച്ച ബാറ്ററാണെങ്കിൽ, ശരാശരി 50 ആയിരിക്കണം. പിന്നെ, റിസ്‌വാനും ഉണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്‌ടമാണ്. അദ്ദേഹം സ്വതന്ത്രമായി കളിക്കുന്നു. പക്ഷേ ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിന്‍റെ ശരാശരി 25 ആണ്. അവരുടെ ഓപ്പണറായ ഫഖർ സമാന് 46 ആണ് ശരാശരി. അതൊരു നല്ല ശരാശരിയാണ്. എങ്കിലും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്താൻ ഇതൊന്നും മതിയാകില്ല." പാക് ബാറ്റര്‍മാരെ താരതമ്യം ചെയ്‌തുകൊണ്ട് ഹര്‍ഭജൻ പറഞ്ഞു.
പാകിസ്ഥാന്‍റെ ബാറ്റിങ് നിര നോക്കുകയാണെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാനുള്ള ശക്തിയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ഒരു മികച്ച മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 23 ന് ദുബായില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഫെബ്രുവരി മൂന്നിന് ടിക്കറ്റ് വില്‍പന ആരംഭിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുപോയിരുന്നു.
കഴിഞ്ഞ ദിവസം (ഫെബ്രുവരി 16) ഉച്ചയ്‌ക്ക് 1.30ന് അധിക ടിക്കറ്റുകള്‍ വിറ്റിരുന്നു, എന്നാല്‍ വെറും ഒന്നര മണിക്കൂറിനുള്ളില്‍ ടിക്കറ്റുകള്‍ തീര്‍ന്നതിനാല്‍ വില്‍പന നിര്‍ത്തിവച്ചു. അതേസമയം, ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് വേദിയാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ 25000 പേരെയാണ് പരമാവധി ഉള്‍ക്കൊള്ളാനാകുക.