ന്യൂഡൽഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഉള്‍പ്പെട്ട സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള നിർദേശത്തെ എതിര്‍ത്ത പശ്ചിമ ബംഗാൾ സർക്കാര്‍ നടപടി ചോദ്യം ചെയ്‌ത് സുപ്രീം കോടതി. സ്വകാര്യ വ്യക്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാന്‍ സംസ്ഥാനം എന്തിനാണ് ഹർജിക്കാരനായി എത്തുന്നത് എന്ന് കേസ് പരഗണിച്ച ജസ്റ്റിസ് ഗവായ് ചോദിച്ചു.
പ്രധാനപ്പെട്ട ചില രേഖകള്‍ കൂടി ശേഖരിച്ച് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ എം സിംഗ്‌വി കോടതിയോട് അഭ്യര്‍ഥിച്ചത്. വിഷയം സംസ്ഥാനത്തിനും കോടതിക്കും ഇടയില്‍ നടക്കുന്നതാണെന്നും സിംഗ്‌വി വാദിച്ചു.
ഹർജി നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സർക്കാരിനെ അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. തങ്ങൾ ഒരാഴ്‌ചത്തെ സമയം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ചില കാര്യങ്ങൾ രേഖപ്പെടുത്താൻ സംസ്ഥാനം ആഗ്രഹിക്കുന്നതിനാൽ അടുത്ത തിങ്കളാഴ്‌ച തന്നെ വിഷയം പരിഹരിക്കാമെന്നും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും കോടതിയെ അറിയിച്ചു.
വാദങ്ങള്‍ കേട്ട ജസ്‌റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന അഭിഭാഷകൻ വിഷയം വാദിക്കണമെന്നും ബെഞ്ച് അത് കേൾക്കുമെന്നും വ്യക്തമാക്കി. വാദം കേൾക്കാനായി കേസ് ജൂലൈയിലേക്ക് മാറ്റി.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഉൾപ്പടെയുള്ളവർക്കെതിരെ ചുമത്തിയ ഭൂമി കൈയേറ്റം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ സിബിഐ അന്വേഷണത്തിന് കൽക്കട്ട ഹൈക്കോടതിയാണ് ഉത്തരവിട്ടത്.