കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷന് മുൻവശത്താണ് സംഭവം. ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ കെ നന്ദകുമാറും ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി ബിനീഷും ചായ കുടിക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പെട്ടെന്ന് തൊട്ട് മുന്നിൽ ഒരു കാക്ക ഷോക്കേറ്റ് പിടഞ്ഞ് വീണു.
കാക്ക വീണത് കണ്ടപ്പോൾ ഇരുവരുടെയും ഉള്ളിലെ ഫയർ ഓഫീസർമാരുടെ ജാഗ്രത ഉണര്‍ന്നു. പിന്നെ ഒട്ടും താമസിച്ചില്ല, ഇരുവരും ചേർന്ന് കാക്കയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി. അല്‌പ നേരം ജീവൻ പോകുന്ന വേദനയിൽ പിടഞ്ഞ കാക്ക
മെല്ലെ ജീവിതത്തിലേക്ക് തിരികെ വന്നു.
അതിന് ശേഷം ഇരുവരും ചേർന്ന് കാക്കയെ ഫയർ ഓഫീസിലേക്ക് കൊണ്ടുപോയി. വെള്ളവും ഭക്ഷണവും കൊടുത്തു.
നന്ദി സൂചകമായി ഫയർ സ്റ്റേഷനിലെ പരിസരത്ത് അല്‌പ നേരം ചുറ്റി കളിച്ച് കാക്ക മെല്ലെ വാനിലേക്ക് ഉയർന്നു പാറി.