എറണാകുളം: വിനോദയാത്രയ്‌ക്കിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികൾ എറണാകുളം കളമശ്ശേരിയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്‌കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അനുഗമിച്ച കെയർടേക്കർമാർക്കുമാണ് വിഷബാധ ഏറ്റത്.
ഇന്നലെ രാത്രി പത്തരയോടയാണ് സംഭവം. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് ചികിത്സ തേടിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആശുപത്രിയിലെ ഡോക്‌ടർമാരും ഹൗസ് സർജൻമാരും ജീവനക്കാരും രാത്രിയിലും സേവനനിരതരായി രംഗത്തിറങ്ങി. ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്‌തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. അതേ സമയം ഈ മാസം തന്നെ കാസർകോട് ഒരു സ്‌കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെതുടർന്ന് 30 ലധികം വിദ്യാർഥികൾ ചികിത്സ തേടിയിരുന്നു.
ആലംപാടി ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. സ്‌കൂളിൽ നിന്ന് വിതരണം ചെയ്‌ത പാലിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് സംശയം. കുട്ടികളെ കാസർകോട് ജനറൽ ആശുപത്രി, ചൈത്ര ഹോസ്‌പിറ്റൽ, ഇ കെ നായനാർ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.