തിരുവനന്തപുരം: സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനിടെ നിയമസഭയുടെ ഈ വര്‍ഷാദ്യ സമ്മേളനം (പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം) ജനുവരി 25ന് ആരംഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയ പ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് 27 വരെയുള്ള 32 ദിവസത്തെ സഭ സമ്മേളന കാലയളവില്‍ ഫെബ്രുവരി 5 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.
ഈ സമ്മേളന കാലയളവില്‍ തന്നെ ബജറ്റ് പാസാക്കിയാകും സഭ പിരിയുക. ജനുവരി 29 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച നടക്കുക. ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്‌മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്‌ജക്‌റ്റ് കമ്മിറ്റികള്‍ യോഗം ചേരും.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ 13 ദിവസം 2024 - 25 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനായി നീക്കി വച്ചിട്ടുണ്ട്. 2024 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി ഭേദഗതി ബില്‍, 2024 ലെ മുന്‍സിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്‍ എന്നിവ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകളാണെന്നും സ്‌പീക്കര്‍ പറഞ്ഞു.
2023 ലെ കേരള വെറ്റിനറി സര്‍വ്വകലാശാല ഭേദഗതി ബില്‍, 2023 ലെ കേരള കന്നുകാലി പ്രജനന ഭേദഗതി ബില്‍, 2023 ലെ ക്രിമിനല്‍ നടപടി നിയമ സംഹിത കേരള രണ്ടാം ഭേദഗതി ബില്‍, 2023 ലെ കേരള പൊതു രേഖാ ബില്‍, 2024 ലെ മലബാര്‍ ഹിന്ദു മത ധര്‍മ്മ സ്ഥാപനങ്ങളും എന്‍ഡോവ്‌മെന്‍റ് ബില്‍ എന്നിവയാണ് ഈ സഭയുടെ പത്താം സമ്മേളനത്തില്‍ പരിഗണിക്കാനിടയുള്ള ബില്ലുകള്‍.
ഫെബ്രുവരി 9ന് കാസര്‍കോട് നിന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്നി സംസ്ഥാന ജാഥയുടെ ഭാഗമായി ബജറ്റ് അവതരണവും ബജറ്റ് പാസാക്കലും സംബന്ധിച്ച തീയതികളില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ടെന്ന് സ്‌പീക്കര്‍ പറഞ്ഞു. എന്നാല്‍ സമ്മേളനത്തിന്‍റെ കാര്യപരിപാടികള്‍ നിശ്ചയിച്ചു കഴിഞ്ഞ ശേഷമായിരുന്നു പ്രതിപക്ഷം കത്ത് നല്‍കിയത്. ഈ സാഹചര്യത്തില്‍ നിലവിലെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭാ സമ്മേളനത്തിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാല്‍ എന്തു വേണമെന്ന് അപ്പോള്‍ തീരുമാനമെടുക്കും. നയ പ്രഖ്യാപന പ്രസംഗത്തിനു ഗവര്‍ണറെ ക്ഷണിക്കാനാണ് താന്‍ രാജ്ഭവനില്‍ പോയത്. ഈ സന്ദര്‍ശനത്തിനിടെ പിടിച്ചു വച്ചിരിക്കുന്ന ബില്ലുകളില്‍ ഒപ്പിടുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയില്ല. ഏതാനും ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അവശേഷിക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ വൈകാതെ ഗവര്‍ണര്‍ ഒപ്പു വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പീക്കര്‍ പറഞ്ഞു.