ആലപ്പുഴ: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എംഎല്‍എയുമായ ഷാനിമോള്‍ ഉസ്‌മാനെതിരായി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എസ്‌പിക്കും സൈബര്‍ പൊലീസിനും കോണ്‍ഗ്രസ് പരാതി നല്‍കി.
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ എഎ ഷുക്കൂറാണ് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ 'അനാമിക അനാമിക' എന്നും 'അരൂര്‍ ലൈവ്' എന്നും പേരുകളുള്ള വ്യാജ പ്രൊഫൈലുകളിലാണ് ഷാനിമോള്‍ ഉസ്‌മാനെതിരായി അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ജില്ലയില്‍ യുഡിഎഫ് നടത്തി വരുന്ന ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വം തകര്‍ക്കാനും അട്ടിമറിക്കാനുമുള്ള ചിലരുടെ ശ്രമങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ എന്ന് എഎ ഷുക്കൂര്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിനെതിരെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമം വഴി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ എൽഡിഎഫും തെരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ മത്സരിക്കുന്ന പ്രധാനപ്പെട്ട പാർട്ടികളുടെ എല്ലാം തന്നെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണ് വ്യാജ പ്രൊഫൈലുകളിലൂടെയുള്ള പ്രചരണങ്ങൾ.
ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാർത്തകളിൽ ജാഗ്രത പുലർത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ