പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് നാല് നാൾ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. തിരക്ക് നിയന്ത്രണ വിധേയമാക്കാനും മറ്റുമായി വലിയ മുന്നൊരുക്കങ്ങളാണ് പൊലീസും ദേവസ്വവും ഉൾപ്പെടെ വിവിധ വകുപ്പുകൾ നടത്തിവരുന്നത്.
സന്നിധാനത്ത് 25, 26 തീയതികളിൽ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്കിങ്ങിന്‍റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ (ഡിസംബർ 22) രാവിലെ ഏഴ് മണിക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. 25ന് വൈകിട്ട് സന്നിധാനത്തെത്തുന്ന തങ്കഅങ്കി ചാർത്തി അയ്യപ്പന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും.