മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ചു. 32 മൃതദേഹങ്ങളുടെയും 25 ശരീര ഭാഗങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടമാണ് പൂർത്തിയായത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികളാണ് പൂര്‍ത്തീകരിച്ചത്.
നിലമ്പൂരില്‍ നിന്നും ലഭിച്ച മൃതദേഹങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. വയനാട് മേപ്പാടി സിയ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹ ഫാത്തിമ (14) എന്നിവരെയാണ് ഇതുവരെ തിരച്ചറിഞ്ഞത്. ഇവരെ ബന്ധുക്കൾ ഏറ്റുവാങ്ങി. അതിനിടെ ചാലിയാറിലെ പനങ്കയം കടവിൽ നിന്ന് ലഭിച്ച രണ്ട് മൃതദേഹങ്ങൾ ജില്ല ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ബന്ധുക്കളെ തിരിച്ചറിയാനായി വയനാട്ടിൽ നിന്ന് നിരവധി പേർ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തുന്നുണ്ട്. അതേസമയം നിലമ്പൂർ ജില്ല ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യക്കാരെ മാത്രമാണ് ആശുപത്രി കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നത്.
പ്രതികരിച്ച് ഡെപ്യൂട്ടി കലക്‌ടര്‍: പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ മേപ്പാടി സിഎച്ച്‌സിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡെപ്യൂട്ടി കലക്‌ടർ പി സുരേഷ്. 38 ആംബുലന്‍സുകളുടെ സഹായത്താലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്. ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയതില്‍ 21 പുരുഷന്മാരും 13 സ്‌ത്രീകളും 2 കുട്ടികളുമാണ്. അതില്‍ 27 ശരീര ഭാഗങ്ങളുമുണ്ടെന്ന് പി.സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: കണ്ണീര്‍ക്കടലായി വയനാട്: പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി