ഇടുക്കി: പൂപ്പാറ ബലാത്സംഗക്കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം തടവ്. മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിങ് അയമിനെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.
33 വർഷം തടവും ഒന്നര ലക്ഷം പിഴയുമാണ് രണ്ടാം പ്രതിയ്‌ക്ക് ശിക്ഷ വിധിച്ചത്. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട് പോക്സോ ജഡ്‌ജ് ജോൺസൺ എംഐ ആണ് ശിക്ഷ വിധിച്ചത്.
പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്‌ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്‌ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്നും നഷ്‌ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.
2022-ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം. പശ്ചിമ ബംഗാളിൽ നിന്നും ജോലിക്കായി മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു 15 വയസുകാരിയായ പെൺകുട്ടി. രാജകുമാരിയിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
തുടർന്ന് പെൺകുട്ടിയും കുടുംബവുമായി ഒന്നാം പ്രതി മഹേഷ് കുമാർ യാദവ് സൗഹൃദത്തിലായി. പിന്നീട് പെൺകുട്ടിയെ ഖേംസിങ് അയം താമസിക്കുന്ന ഖജനാപാറയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും പൂപ്പാറയിലെത്തിച്ചും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസിൽ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്.
വിചാരണയ്‌ക്കിടെ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന്, രണ്ടാം പ്രതിയാണ് കേസില്‍ വിചാണ നേരിട്ടത്. ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് രണ്ടാം പ്രതിയെ ശിക്ഷിച്ചത്.
ഈ സംഭവത്തിൻ്റെ തുടർച്ചയായി ഇതേ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തതിന് ശാന്തൻപാറ പൊലീസ് രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളെ ഇതേ കോടതി ഈ വർഷം ജനുവരിയിൽ 90 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.
Also Read: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: 23 കാരന് 21 വർഷം കഠിന തടവ്