മലപ്പുറം: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ. മാളിയേക്കൽ സ്വദേശി മുഹമ്മദ് നാഫിയാണ് (24) അറസ്‌റ്റിലായത്. പോക്സോ കേസിൽ വിചാരണ തുടരുന്നതിനിടെ മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.
നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരം കാളികാവ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളത്ത് താന്‍ ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ നാഫി കോഴിക്കോട് ബേപ്പൂർ കടപ്പുറത്ത് എത്തി ആത്മഹത്യകുറിപ്പ് എഴുതി വെച്ച് തന്‍റെ വസ്ത്രമടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് പോകുകയായിരുന്നു. കടലിൽ ചാടി ആത്മഹത്യ ചെയ്‌തു എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.
കടപ്പുറത്ത് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കാളികാവ് പൊലീസ് ബേപ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കടൽക്കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്‌റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ എല്ലാ തീരദേശ പൊലീസ് സ്‌റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം കൈമാറി. കടലിൽ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങളും പരിശോധിച്ചു. നാഫിയെ കുറിച്ച് തുടരെ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തുടർന്ന് പ്രതി ജീവിച്ചിരിക്കുന്ന വിവരം അറിയാൻ സാധ്യതയുള്ള 30 ഓളം ആളുകളെ ശാസ്ത്രിയമായ രീതിയിൽ നിരീക്ഷണം നടത്തിയിരുന്നു. നാഫിയുടെ ഫോണില്‍ നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്എംഎസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
മറ്റൊരാളുടെ അഡ്രസിൽ എടുത്ത ഫോൺ നമ്പറാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആലപ്പുഴയില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയ ശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ പ്രതി ബന്ധപ്പെട്ടിരുന്നില്ല.
2021ൽ നാഫി പ്രതിയായ പോക്‌സോ കേസിന്‍റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതി ആത്മഹത്യാനാടകം ആസൂത്രണം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
നാഫിയെ കാണാതായതിനെ തുടർന്ന് നിലമ്പൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി ബാലചന്ദ്രന്‍റെ മേൽനോട്ടത്തിൽ കാളികാവ് പൊലീസ് ഇൻസ്പെക്‌ടർ വി അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്‌ടർ ശശിധരൻ വിളയിൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി അബ്‌ദുൽസലീം, വി വ്യതീഷ്, റിയാസ് ചീനി, അരുൺ കുറ്റിപ്പുറത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
Also Read: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയായ 20കാരനെ പിടികൂടിയത് നാടകീയമായി