കണ്ണൂർ: കഴിഞ്ഞ 40 വർഷമായി ഇന്ത്യയിൽ ഉറച്ച നിലപാടുമായി നിൽക്കുന്ന പാർട്ടിയാണ് മുസ്‌ലീം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇന്ദിര ഗാന്ധിയുടെയും രാജിവ് ഗാന്ധിയുടെയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് മുന്നണിയിൽ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് മുസ്‌ലീ ലീഗെന്നും അദ്ദേഹം. കണ്ണൂർ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു പികെ കുഞ്ഞാലിക്കുട്ടി.
ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഞങ്ങൾ ഇന്ത്യ മുന്നണിയിൽ നിന്ന് പോരാടുകയാണ്. സിപിഎമ്മിനെക്കാൾ ഇന്ത്യ മുന്നണിക്ക് വേണ്ടി പോരാടുന്നത് മുസ്‌ലീം ലീഗാണെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി. സിപിഎമ്മിന് പലകാര്യങ്ങളിലും അയഞ്ഞ നിലപാടാണുള്ളത്. പല സംസ്ഥാനങ്ങളിലും അവർക്ക് പല നിലപാടുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്‌ലീം ലീഗിന് ഒരു ശങ്കയുമില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വരാൻ വേണ്ടി വലിയ രീതിയിൽ തന്നെ പോരാടും. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് അനുകൂലമായ ട്രെൻഡ് രൂപപ്പെട്ടു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് പല സർവേകളിലും കേരളത്തിൽ 20 സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്ന് പറയുന്നത്. ബീഹാറും കോണ്‍ഗ്രസ് തൂത്തുവാരും.
യുപിയിൽ ബിജെപിയുടെ നില പരിങ്ങളിലാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. 10 വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച കുഞ്ഞാലിക്കുട്ടി പൗരത്വ നിയമത്തിനെതിരെ മുന്നിൽ നിന്ന് പൊരുതുന്നത് യുഡിഎഫാണെന്നും വ്യക്തമാക്കി. മുസ്‌ലീം ലീഗ് കൊടുത്ത ഹർജിയുടെ ഭാവി ഒമ്പതിന് അറിയാം.
കേരളത്തിൽ മാത്രം കൈയ്യും കാലും ഇട്ടടിച്ചാൽ ഇന്ത്യ സർക്കാർ കൊണ്ടുവരുന്ന നിയമം ഇല്ലാതാകുമോയെന്നും സിപിഎമ്മിനെ ഉദ്ധരിച്ച് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ചിലർക്ക് ഓണത്തിനിടയിൽ പുട്ടു കച്ചവടം മാത്രമാണ് ലക്ഷ്യം. പൗരത്വ നിയമം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനിടയിൽ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും അത് ദുഷ്ട്ടലാക്കുകയാണെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.