മലപ്പുറം: സിപിഎമ്മിൽ എന്നും വിവാദമാണെന്ന് പികെ ബഷീര്‍ എംഎല്‍എ. വിവാദമില്ലാത്ത ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പികെ ബഷീര്‍ എംഎല്‍എ.
പാലക്കാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോഴും വിവാദമായിരുന്നു. പ്രിയങ്ക ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും. ആറ് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. നമ്മുടെ ആശയവുമായി യോജിക്കാത്ത ആളുകള്‍ പോലും എല്ലാ പരിപാടിയിലും പങ്കെടുത്തു. മറ്റു പാർട്ടികളിലുള്ളവർ പോലും വോട്ടു ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്‍ക്കും ഇടയിൽ സ്വീകാര്യതയുണ്ട്. രണ്ടാം ഇന്ദിരയായാണ് പ്രായമുളളവര്‍ പ്രിയങ്കയെ കാണുന്നതെന്നും ബഷീര്‍ എംഎല്‍എ പറഞ്ഞു.
പോളിങ് ശതമാനം കുറയാൻ സാധ്യതയില്ല. എല്ലായിടത്തും നല്ല തിരക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ട്ടി എത്രമാത്രം അധഃപതിച്ചു എന്നതിന്‍റെ തെളിവാണ് സരിന്‍റെ സ്ഥാനാര്‍ഥിത്വം. സിപിഎമ്മില്‍ ലോക്കല്‍, ഏരിയ, ബ്രാഞ്ച് എല്ലാം കഴിഞ്ഞാണ് ഉന്നത സ്ഥാനങ്ങള്‍ നല്‍കാറുണ്ടായിരുന്നത്. ഇപ്പോള്‍ വരുന്നവരെയൊക്കെ സ്വീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനം നല്‍കുകയുമാണ് ചെയ്യുന്നതെന്നും പികെ ബഷീർ എംഎൽഎ കുറ്റപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപി ജയരാജൻ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു. ഇന്നത്തെ ദിവസം പുസ്‌തക വിവരം പുറത്ത് വന്നതിൽ എല്ലാവര്‍ക്കും പങ്കുണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഒരു വാര്‍ത്ത വന്നു. ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നു. ഇതില്‍ ദുരൂഹത തോന്നുന്നുണ്ട്. ഡിസി ബുക്ക്‌സും ഹിന്ദു, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളും പറഞ്ഞതിനാല്‍ അതില്‍ കാര്യമുണ്ടാകും എന്നും ബഷീര്‍ പറഞ്ഞു. ഇപി-അൻവർ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ലെന്നാണ് വിശ്വാസമെന്നും പികെ ബഷീര്‍ എംഎല്‍എ പറഞ്ഞു.