എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ മുൻ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പിജി മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് സ്റ്റേഷനിലാണ് മനു കീഴടങ്ങിയത് (P.G Manu Surrendered to the Police). പരാതിക്കാരിയായ അതിജീവിതയെ ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ ഹൈക്കോടതിയും, സുപ്രീം കോടതിയും പി.ജി. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു(EX govt pleader PG Manu) എന്നാൽ കീഴടങ്ങാൻ സാവകാശം തേടി പി ജി മനു വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരമോന്നത കോടതിയും തള്ളുകയായിരുന്നു.
അതിജീവിതയായ ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, പീഡനശ്രമം, ഐ ടി വകുപ്പുകൾ ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയായിരുന്നു പൊലീസ് നടപടി.
2018ലെ പീഡനക്കേസിൽ ഇരയായ എറണാകുളം സ്വദേശിയായ യുവതി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസിന്‍റെ നിർദേശ പ്രകാരമാണ് പി ജി മനുവിനെ കാണുന്നത്. മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി മനുവിനെ കണ്ടത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അറിയിച്ച് മാതാപിതാക്കളെ പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം. കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ തന്നെ ബലാത്സംഗം ചെയ്‌തുവെന്നുമാണ് യുവതിയുടെ പരാതി.
Also read : ബലാത്സംഗ കേസ്; മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിന് മുൻകൂർ ജാമ്യമില്ല
തുടർന്ന് അശ്ലീല സന്ദേശമയച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എറണാകുളം റൂറല്‍ എസ്‌പിക്ക് ആയിരുന്നു യുവതി പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചോറ്റാനിക്കര പൊലീസ് പിജി മനുവിനെതിരെ കേസെടുത്തത്.