കൊല്ലം: റോഡ് ഷോയോടെ മണ്ഡല പര്യടനമാരംഭിച്ച് കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ . ചൊവ്വാഴ്‌ച (26-03-2024) വൈകിട്ട് കൊട്ടിയത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മഹാദേവക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ ഇരു ചക്ര വാഹനങ്ങളിൽ പങ്കെടുത്തു. എട്ടുമണിയോടെയാണ് റോഡ് ഷോ സമാപിച്ചത്.
ഉമയനല്ലൂർ, പള്ളിമുക്ക്, മാടൻനട, ചിന്നക്കട, എന്നിവിടങ്ങളിൽ വാഹനം നിർത്തിയാണ് ഷോ മുന്നോട്ട് നീങ്ങിയത്. നരേന്ദ്ര മോദി സർക്കാരിന്‍റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ തെളിവാണ് റോഡ് ഷോയിൽ തനിക്ക് ലഭിച്ചതെന്ന് സമാപന യോഗത്തിൽ കൃഷ്‌ണകുമാർ പറഞ്ഞു.
ഇരുമുന്നണികളും വഞ്ചിച്ച ജനതയുടെ മോചനത്തിന് വേണ്ടി തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്സവം നടക്കുന്ന ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ സ്ഥാനാർത്ഥി ദർശനം നടത്തി. റോഡ് ഷോ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം ചാത്തന്നൂർ ഭൂതനാഥ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു.
കൊല്ലം ലോക്‌സഭ മണ്ഡലം ഇൻചാർജ് കെ സോമൻ, ചെയർമാൻ ബി ബി ഗോപകുമാർ, ബിജെപി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്, ദേശീയ കൗൺസിൽ അംഗം എം എസ് ശ്യാംകുമാർ, വൈസ് പ്രസിഡന്‍റ്മാരായ സുരേന്ദ്രനാഥ്, ബി ശ്രീകുമാർ, ശശികലറാവു, സെക്രട്ടറി മോൻസി ദാസ്, ജനറൽ സെക്രട്ടറി മോനിഷ തുടങ്ങിയവർ റോഡ് ഷോയ്‌ക്ക് നേതൃത്വം നൽകി.
ആദിവാസി മേഖലകളിൽ വോട്ടഭ്യര്‍ത്ഥിച്ച് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി: വിവിധ ആദിവാസി മേഖലകളിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് വോട്ടഭ്യര്‍ത്ഥിച്ചു. ദേവികുളം മണ്ഡലത്തിലെ ആദിവാസി ഊരുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. അടിമാലി ടൗണില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രചാരണപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതെന്ന് ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.
ദേവികുളം മണ്ഡലത്തിലെ വിവിധ ആദിവാസി ഇടങ്ങളായ കോമാളിക്കുടി, ചൊക്രമുടി, കുടകല്ലു കുടി, പ്ലാമല കുടി, അമ്മച്ചിപ്ലാവ്, തുമ്പിപാറകുടി, കുഞ്ഞിപ്പെട്ടി കുടി, കുളമാങ്കുഴി തുടങ്ങിയ ഊരുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് വോട്ടഭ്യര്‍ത്ഥനയുമായി എത്തിയത്.
ബൈസണ്‍വാലിയിലെ ചൊക്രമുടിയില്‍ നിന്നാണ് ജോയ്‌സ് ജോർജ് പര്യടനം ആരംഭിച്ചത്. ഗോത്ര മേഖലകളിലെ സന്ദര്‍ശന ശേഷം അടിമാലി ടൗണില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയും നടന്നു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ അടിമാലി ബസ് സ്‌റ്റാന്‍ഡ് പരിസരത്താണ് അവസാനിച്ചത്.