ഇടുക്കി: ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ നാല് ദിവസങ്ങളായി വലിയ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. വട്ടവട, മറയൂര്‍, മാങ്കുളം സൂര്യനെല്ലി തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്‌റ്റേഷന്‍, രാജമല, ഗ്യാപ്പ് റോഡ് തുടങ്ങി മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികളെത്തുന്നത് വര്‍ധിച്ചതോടെ പതിവുപോലെ ഇത്തവണയും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ഏറെ സമയം സഞ്ചാരികള്‍ റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയുണ്ട്. മാട്ടുപ്പെട്ടി എക്കോ പോയിൻ്റ്, കുണ്ടള എന്നീ അണക്കെട്ടുകളിലെത്താൻ വിനോദസഞ്ചാരികളും സാധാരണക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ ദുരിതം അനുഭവിക്കണം. പല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ വേണ്ടവിധം പാര്‍ക്ക് ചെയ്യാനായി സ്ഥലമില്ലാത്തതും തിരക്കേറുന്ന സമയങ്ങളില്‍ പ്രതിസന്ധിയാകുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരക്ക് വര്‍ധിച്ചതോടെ മൂന്നാറില്‍ രാത്രി വൈകിയെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭിക്കാതെ പോകുന്ന സ്ഥിതിയുമുണ്ടായി. പുതുവത്സരാഘോഷമടുത്തതോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും മുറികള്‍ പൂര്‍ണമായി തന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്‌ത് കഴിഞ്ഞു. ദേശീയപാതയില്‍ വാളറ മുതല്‍ നവീകരണ ജോലികള്‍ നടക്കുന്നതും ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
Also Read: മഞ്ഞുകണങ്ങളില്‍ പുതഞ്ഞ് പുല്‍മേട്; തണുത്തുറഞ്ഞ് ജലാശയങ്ങള്‍, മൂന്നാറിലെ താപനില മൈനസിലെത്തി