കാസർകോട്: ഇന്ത്യക്ക് തന്നെ അഭിമാനമായി ബ്രിട്ടീഷ് രാജാവിന്‍റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട്ടുകാരി. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്‍റെ അസി. പ്രൈവറ്റ് സെക്രട്ടറിയായാണ് മുന ഷംസുദ്ദീൻ നിയമിത ആയത്. ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവർ ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡിവലപ്മെന്‍റ് ഓഫീസിൽ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവർഷം ചാൾസ് രാജാവിന്‍റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.
ബ്രിട്ടനിലെ നോട്ടിങ്‌ഹാം സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്‌സ് ആൻഡ് എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സർവീസിൽ ചേർന്നത്. ജറുസലേമിൽ കോൺസുലേറ്റ് ജനറലായും പാകിസ്ഥാനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയും പ്രവർത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യു.എൻ ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭർത്താവ്. ചാൾസ് രാജാവിന്‍റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉൾപ്പെടെയുള്ളവർക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.
തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീന്‍റെയും സെയ്‌ദുന്നിസ എന്ന ഷഹനാസിന്‍റെയും മകളാണ് മുന. കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്മദിന്‍റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീൻ.
ALSO READ: അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും 'മോശം' നവംബര്‍; വിറങ്ങലിച്ച് സോള്‍- ചിത്രങ്ങളിലൂടെ
യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ച ശേഷം തിരികെ ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബർമിങ്ങാമിലായിരുന്നു താമസം. പത്തു വർഷം മുമ്പാണ് മുന കാസർകോട് എത്തിയത്. കുട്ടിക്കാലത്ത് മുന കുടുംബാംഗങ്ങളോടൊപ്പം എല്ലാ വർഷവും കാസർകോട്ട് വന്നിരുന്നതായി ബന്ധു മുഹമ്മദ് സമീർ പുതിയപുരയിൽ ഇടിവി ഭാരതിനോട് പറഞ്ഞു. തിരക്ക് കഴിഞ്ഞാൽ അവർ കാസർകോട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമീർ പറഞ്ഞു.