വയനാട്: രാജ്യത്തിന്‍റെ വിഭവങ്ങള്‍ കുറച്ച് സുഹൃത്തുകള്‍ക്ക് മാത്രം നല്‍കുന്നവര്‍ക്കെതിരെയാണ് നമ്മള്‍ പോരാടുന്നതെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. മാനന്തവാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇന്ത്യ വിഭാവനം ചെയ്യുന്ന എല്ലാ മൂല്യങ്ങളും വയനാട് പ്രതിനിധീകരിക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാജ്യം പല തരത്തിലുള്ള വിഭജനത്തിന്‍റെ പിടിയിലമരുമ്പോള്‍ വയനാട്ടുകാര്‍ പരസ്‌പരം കാണിക്കുന്ന സ്‌നേഹവും അനുകമ്പയും മാതൃകാപരമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. ആദിവാസി സമൂഹത്തിന് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. കര്‍ഷകരുടെ വിളകള്‍ക്ക് മതിയായ തുക ലഭിക്കാത്ത പ്രശ്‌നങ്ങളുണ്ട്. അവയെല്ലാം പരിഹരിക്കാന്‍ പരിശ്രമിക്കും.
വയനാട്ടിലെ മണ്ണിടിച്ചില്‍ ഇന്ത്യയിലുടനീളമുള്ള ടൂറിസ്റ്റുകളില്‍ ഒരു ഭയം ജനിപ്പിച്ചിട്ടുണ്ട്. അവരുടെ ഭയം അകറ്റി കൂടുതല്‍ ടൂറിസ്റ്റുകളെ വയനാട്ടിലേക്ക് ആകര്‍ഷിക്കണം. മെഡിക്കല്‍ കോളജിനായി കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട്ടില്‍ വന്നുപോകുന്ന അതിഥി ആവില്ലെന്നും എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനങ്ങളോട് നന്ദി പറയാന്‍ ഇന്നലെയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. രണ്ട് ദിവസത്തെ പര്യനടത്തിന് സഹോദരന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ട്.
മാനന്തവാടിയിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് സുൽത്താൻ ബത്തേരിയിലും കൽപ്പറ്റയിലും പ്രിയങ്ക ഗാന്ധി സംസാരിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്ദർശനത്തിന്‍റെ ആദ്യ ദിവസമായ ഇന്നലെ (ശനിയാഴ്‌ച) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തിരുവമ്പാടിയിലെ മുക്കം, നിലമ്പൂര്‍, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക പങ്കെടുത്തിരുന്നു.
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ 4,10,931 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ ലീഡിനേക്കാൾ അധികമായിരുന്നു പ്രിയങ്കയുടെ ലീഡ്.