കോഴിക്കോട്: അന്തരിച്ച സാഹിത്യപ്രതിഭ എംടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് നടന്‍ മോഹൻലാൽ. ഇന്ന് (ഡിസംബർ 26) പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിതാര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്‌മരിച്ചു.
'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്‌പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു.
തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നമ്മുക്ക് നഷ്‌ടമായത്. അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു'വെന്നും മോഹൻലാൽ വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, സംവിധായകരായ ഹരിഹരൻ, ടികെ രാജീവ് കുമാർ, വിഎം വിനു തുടങ്ങിയവരും എംടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
അനുശോചിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്: എംടിയുടെ വിയോഗത്തിൽ അനുസ്‌മരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എംടി അധികം സംസാരിക്കില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഓരോ ചലനങ്ങളും നമുക്ക് ഒരോ സന്ദേശങ്ങളായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാവരും അതായത് സാമൂഹിക പ്രവർത്തകരാകട്ടെ മാധ്യമപ്രവർത്തകരാകട്ടെ അവരെല്ലാം ഇടയ്‌ക്കിടെ വരുന്നൊരിടമാണിത്.
ഇന്ന് വല്ലാത്ത ഒരു പ്രയാസത്തോടെയാണ് നമ്മൾ സിതാരയുടെ മുമ്പിൽ നിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എംടിയുടെ കൃതികളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ തീർച്ചയായും ഒരു മനുഷ്യന്‍റെ നന്മയും തിന്മയും ഒരുമിച്ച് കാണിക്കുന്നതാണ്. ഒരു മനുഷ്യന്‍റെ വിവിധ ഭാവങ്ങൾ, വിവിധ രീതികൾ തന്‍റെ കൃതികളിലൂടെ വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞ വ്യക്തിയാണ് എംടിയെന്ന് അദ്ദേഹം വ്യക്തമാക്കി.