പത്തനംതിട്ട : കുടുംബ ക്ഷേത്രത്തിൽ മോഷണം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കിടങ്ങന്നൂർ പുന്നമല പഴയ പള്ളി ആശുപത്രിക്ക് സമീപം തടുത്തു കാലായിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ശശിയാണ് (49) പിടിയിലായത്. പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ച അലുമിനിയം പൈപ്പുകളുമാണ് പ്രതി കവർന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് 12നും വൈകിട്ട് ആറുമണിക്കുമിടയിൽ അതിക്രമിച്ചു കടന്ന പ്രതി ക്ഷേത്രത്തിൽ മോഷണം നടത്തുകയായിരുന്നു. ആനക്കൊട്ടിലിൽ തൂക്കിയിട്ടിരുന്ന ഏഴ് കിലോ തൂക്കമുള്ള 12000 രൂപ വിലവരുന്ന പിത്തള മണി, 7000 രൂപ വിലയുള്ള പിത്തള നിലവിളക്ക്, ഗേറ്റ് നിർമാണത്തിനായി കരുതിയ 2500 രൂപയുടെ അലുമിനിയം പൈപ്പുകളും ഉൾപ്പെടെ ആകെ 21500 രൂപയുടെ വസ്‌തുക്കളാണ് മോഷ്‌ടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു. നിലവിളക്കും മണിയും ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കടയിൽ വിറ്റതായി പ്രതി സമ്മതിച്ചു. പൊലീസ് തൊണ്ടിമുതൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.