ഇടുക്കി: രാമക്കൽമേട് ആമപ്പാറക്കടുത്ത് 285 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. ഉടുമ്പഞ്ചോല എക്സൈസ് ഇൻസ്പെക്‌ടർ കെ വിനോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ലോക്‌സഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചായിരുന്നു രാമക്കൽമേട് ഭാഗത്ത് ഉടുമ്പഞ്ചോല എക്സൈസ് ഇൻസ്പെക്‌ടർ കെ വിനോദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയത്.
ചപ്പുചവറുകളിട്ട് മൂടി കന്നാസിലും ബാരലിലുമായി സൂക്ഷിച്ച നിലയിൽ കോടയും വാറ്റുപകരണങ്ങളും വനപ്രദേശത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇയാള്‍ക്കായി ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂവർ സംഘം മയക്കുമരുന്നുമായി പിടിയിൽ; ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി : എക്സൈസ് നടത്തിയ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ മൂവർ സംഘം വൻ തോതിൽ മയക്കുമരുന്നുമായി പിടിയിൽ. ഒരു കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കണ്ടെടുത്തതെന്ന് വാഹന പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊണ്ടോട്ടി സ്വദേശികളായ ജാബിർ, അഷ്‌റഫ്, പെരിന്തൽമണ്ണ സ്വദേശി മജീദ് എന്നിവരാണ് ഏപ്രിൽ 8 ന് എക്സൈസിന്‍റെ പിടിയിലായത്.
ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിൽ എടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഹാഷിഷ് ഓയിൽ മൊത്തകച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എക്സൈസിന്‍റെ നിഗമനം. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും വാഹന പരിശോധന ഊർജിതമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.