എറണാകുളം: കിടപ്പു രോഗിയായ അച്‌ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അജിത്ത് അറസ്‌റ്റിൽ. തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനിൽ ഹാജരായ അജിത്തിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പൊന്നുരുന്നി സ്വദേശി ഷൺമുഖനെ തൃപ്പൂണിത്തുറ ഏരൂരിലെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ അജിത്തും കുടുംബവും വ്യാഴാഴ്‌ച കടന്നു കളഞ്ഞിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു ഒരു ദിവസത്തിന് ശേഷം ഷൺമുഖത്തെ ഇവിടെ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മകൻ്റെ ക്രൂരത കാരണം ഭക്ഷണവും വെള്ളവുമില്ലാതെ ഷൺമുഖം ഒരു ദിവസമാണ് ഈ വീട്ടിൽ തനിച്ച് കഴിയേണ്ടിവന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ ഷൺമുഖം മാസങ്ങളായി കിടപ്പിലായിരുന്നു.
ഷൺമുഖത്തിന് അജിത്തിനെ കൂടാതെ രണ്ട് പെൺമക്കളാണ് ഉള്ളത്. ഇവർ തമ്മിൽ അച്‌ഛനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അച്‌ഛനെ പരിചരിക്കാൻ സഹോദരിമാരെ അജിത്ത് അനുവദിച്ചിരുന്നില്ലെന്നാണ് ആരോപണം. വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിന് പോയതാണ് ഉടൻ തിരിച്ചെത്തുമെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്.
എന്നാൽ വീട്ടു സാധാനങ്ങൾ ഉൾപ്പടെ എടുത്താണ് അജിത്ത് വീട്ടിൽ നിന്നും പോയത്. വാടക നൽകാത്തതിനെ തുടർന്ന് അജിത്തും വീട്ടുടമയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. നാല് മാസത്തെ വാടക കുടിശ്ശിക ഇയാൾ നൽകാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അജിത്തിനെതിരെ വീട്ടുടമ സുനിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വാടക നൽകാൻ ഇയാൾ പല തവണ സാവകാശം തേടിയിരുന്നു.
വാടക നൽകാതെ വീട്ടിൽ തുടരനാകില്ലന്ന് പൊലീസ് അറിയിച്ചിരുന്നു. ഏറ്റവും അവസാനമായി രണ്ട് ദിവസം കൊണ്ട് വീടൊഴിയാമെന്ന് അജിത്ത് അറിയിച്ചിരുന്നു. ഇതിനിടെയാണ് ആരെയും അറിയിക്കാതെ അച്‌ഛനെ ഉപേക്ഷിച്ച് അജിത്ത് വീട് വിട്ട് പോയത്. ഇതോടെയാണ് പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഷൺമുഖം വീട്ടിൽ തനിച്ചായത്.
പൊലീസെത്തി തൃശ്ശൂരിലുള്ള മകളെയും എറണാകുളത്തുള്ള മകളെയും അജിത്തിനെയും വിളിച്ച് വീട്ടിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഉടൻ എത്താമെന്ന് മറുപടി നൽകിയെങ്കിലും മൂവരും എത്തിയില്ല. ഇതോടെയാണ് മകനെതിരെ പൊലീസ് കേസെടുത്തത്. ഷൺമുഖത്തെ പൊലീസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോതമംഗലത്തുള്ള സഹോദരൻ വിജയനാണ് ഒടുവിൽ ഷൺമുഖത്തിൻ്റെ സംരക്ഷണ ചുമതല ഏറ്റെടുത്തത്.