കണ്ണൂർ : സർവകലാശാല മുൻ വിസിക്കെതിരെ ഗുരുതര ആരോപണവുമായി കെഎസ്‌യു. പുനർ നിയമനത്തിനായുള്ള വക്കീൽ ഫീസിനത്തിൽ മാത്രം ഗോപിനാഥ് രവീന്ദ്രന്‍ ഇരുപത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്. പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി 59,69805 രൂപയും നൽകിയിട്ടുണ്ട്. ഇതേ കാലയളവിൽ യാത്ര ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ടെന്നും ഷമ്മാസ് ആരോപിച്ചു.
നിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടുവാടക ഇനത്തിൽ നൽകിയത് 15,87398 രൂപയാണ്. ഇതിന് പുറമെ ചട്ട വിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി 70,111 രൂപയും നൽകിയെന്നും വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി 11,80063 രൂപ നൽകിയിട്ടുണ്ടെന്നും രേഖകൾ സഹിതം ഷമ്മാസ് ആരോപിച്ചു.
ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് യാതൊരു കൈയ്യും കണക്കുമില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമങ്ങൾ കാറ്റിൽ പറത്തി വി സി കൈക്കലാക്കിയത്. പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഫീസിനത്തിലും മറ്റും പിരിച്ചെടുത്ത തുകയാണ് സർവകലാശാല മുൻ വി സി യുടെ ആഡംബരത്തിനും ധൂർത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചത്.
പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അനധികൃതമായി കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ തലത്തിൽ സ്വീകരിക്കണം. അല്ലാത്ത പക്ഷം നിയമനടപടികളുമായി കെഎസ്‌യു മുന്നോട്ടുപോകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്‌യു ജില്ല പ്രസിഡന്‍റ് എംസി അതുലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.