തിരുവനന്തപുരം : കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിന്‍റെ ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് പുനലൂർ യൂണിറ്റിലെ അസിസ്‌റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ കെപി ഷിബുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. എല്ലാ ശനിയാഴ്‌ച പ്രവൃത്തി ദിവസങ്ങളിലും 'സ്‌മാർട്ട് സാറ്റർഡേ' ആചരിക്കുന്നതിനും ഈ ദിവസം ഉച്ചയ്ക്ക് ശേഷം ജീവനക്കാർ അവരവരുടെ വിഭാഗങ്ങളിലെ ഫയലുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ, ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുന്നതിനും നിർദേശം നൽകിയിരുന്നു.
ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവീസ് ഓപ്പറേഷനിലും യൂണിറ്റ് അധികാരിയുടെ മേൽനോട്ട പിഴവ് ഉള്ളതായി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. കെഎസ്ആർടിസിയുടെ പുരോഗതി ലക്ഷ്യമിട്ട് കൊണ്ട് എംഡി പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ പലതും ഒരു വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും ഗൗരവപരമായി കൈകാര്യം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് പുനലൂർ യൂണിറ്റിലെ ഗൗരവകരമായ വിഷയം അന്വേഷണത്തിൽ കണ്ടെത്തിയതും നടപടി സ്വീകരിച്ചതും. വരും ദിവസങ്ങളിലും കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി യൂണിറ്റുകളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
ജീവനക്കാരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിഴ: യാത്രക്കാർ കൈ കാണിച്ചിട്ടും ബസുകൾ സ്‌റ്റോപ്പിൽ നിർത്താത്ത കെഎസ്ആർടിസി ഡ്രൈവർമാർക്ക് എട്ടിന്‍റെ പണിയുമായി കെഎസ്ആർടിസി. ബസുകൾ സ്‌റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. ജില്ല ഓഫിസുകളുടെ പ്രവർത്തനം നിർത്തലാക്കിയ സാഹചര്യത്തിൽ യൂണിറ്റുകളിലെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് വിജിലൻസ് വിഭാഗം പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച പുറത്തിറക്കിയ ഉത്തരവിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് ഈടാക്കേണ്ട പിഴയെ കുറിച്ച് പരാമർശമുള്ളത്.
ഡ്യൂട്ടിക്കിടയിൽ ജീവനക്കാർ ഉറങ്ങുന്നത്, ഹൈവേകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഫ്‌ളൈ ഓവറിലൂടെ സർവീസ് നടത്തുന്നത്, സർവീസ് റോഡിൽ കൂടെ അല്ലാതെയുള്ള യാത്ര എന്നീ കുറ്റകൃത്യങ്ങൾക്കും 1000 രൂപ പിഴ ഈടാക്കണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ജീവനക്കാർ കുറ്റകൃത്യം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. കുറ്റകൃത്യം വീണ്ടും തുടർന്നാൽ മേൽനടപടിക്കായി ചീഫ് ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.