പത്തനംതിട്ട: ആറന്മുള വള്ളംകളിക്ക് സംസ്ഥാന സർക്കാരിന്‍റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സത്രകടവിൽ ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണിയിച്ചൊരുക്കിയ പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്‌ചയാണെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെയുള്ള ചടങ്ങുകളും ഒരുമയോടെ വള്ളംതുഴയുന്നതുമൊക്കെ പഴമയുടെ ഓർമകൾ ഉണർത്തുന്നു. കേരളത്തിന്‍റെ ചരിത്രത്തിലേക്കുള്ള തിരനോട്ടം കൂടിയാണ് വള്ളംകളിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ആറന്മുളയിലെ പൈതൃക വിനോദ സഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള സ്ഥലമാണ് ആറന്മുള. പൈതൃക ടൂറിസത്തിന്‍റെയും തീർഥാടക ടൂറിസത്തിന്‍റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഊർജിതമാക്കാൻ 'എന്‍റെ കേരളം എന്നും സുന്ദരം' എന്ന ക്യാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ ആറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആറന്മുള ജലോത്സവത്തിന് ഫണ്ട് അനുവദിക്കുമെന്ന് സജി ചെറിയാൻ: ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സാംസ്‌കാരിക വകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ആറന്മുള വള്ളംകളി. വ്യത്യസ്‌തമായ ചിന്തകളും നിലപാടുകളും ഉണ്ടെങ്കിലും എല്ലാവരും ഒന്നാണ് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ ഉത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്‌ത് വീണ ജോർജ്: പമ്പയാറിന്‍റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും കൂടി പണം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വള്ളംകളിയുടെ സുവനീർ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്മുളയുടെ ഓണം കൂടുതൽ മനോഹരമാകുന്നത് ഉതൃട്ടാതി ദിനത്തിലാണ്. ജലോത്സവത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സ്ഥിരം പവലിയൻ നിർമിക്കുന്നതിന് സന്നദ്ധത അറിയിച്ച ധനകാര്യ വകുപ്പ് മന്ത്രിക്കും സ്ഥലം എംഎൽഎ എന്ന നിലയിൽ നന്ദി അറിയിക്കുന്നുവെന്നും വീണ ജോർജ് പറഞ്ഞു.
പള്ളിയോട സേവസംഘം പ്രസിഡന്‍റ് കെവി സാംബദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്‍റോ ആന്‍റണി എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പ്രമോദ് നാരായൺ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി രാജപ്പൻ, ജില്ല കലക്‌ടർ എസ് പ്രേംകൃഷ്‌ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകന്മാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Also Read: ആവേശമായി ആറന്മുള ജലമേള; പമ്പയാറ്റില്‍ മാറ്റുരച്ച് 52 പള്ളിയോടങ്ങള്‍