എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഡിവിഷൻ ബെഞ്ച് അപ്പീൽ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി മാറ്റി.
തെരഞ്ഞെടുപ്പിന്‍റെ പേരിൽ മറ്റൊരിടത്തും അന്വേഷണം മാറ്റി വെക്കുന്നില്ലെന്നും, തോമസ് ഐസക് സ്ഥാനാർഥിയായതിനാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും ഇഡി വാദിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് അവസാനിക്കും, എന്തുകൊണ്ടാണ് ഇഡിക്ക് അതുവരെ കാത്തിരിക്കാൻ സാധിക്കാത്തതെന്ന് കോടതി ആരാഞ്ഞു. ഇഡി നിരന്തരം സമൻസ് അയയ്ക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടിയാണ് ഇഡിയുടെ നടപടിയെന്നായിരുന്നു ഐസക്കിന്‍റെ വാദം.