എറണാകുളം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യമില്ല. പിസി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് നടപടി. ചാനല്‍ ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിവാദ മതവിദ്വേഷ പരാമര്‍ശം.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ കടുത്ത നിരീക്ഷണങ്ങളാണ് ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ നടത്തിയത്. പിസി ജോര്‍ജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമര്‍ശക്കുറ്റം നിലനില്‍ക്കും. പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനാവില്ല. മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ തുടച്ചുകളയാനാവില്ല.
അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച്. 30 വര്‍ഷം എംഎല്‍എയായിരുന്നയാളുടെ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കാണുന്നുണ്ട്. സമൂഹത്തിലെ റോള്‍ മോഡലുകളാണ് രാഷ്ട്രീയ നേതാക്കള്‍. പ്രകോപനത്താലാണ് പരാമര്‍ശമെങ്കില്‍ പിസി ജോര്‍ജ്ജിന് രാഷ്ട്രീയ നേതാവായി തുടരാന്‍ അര്‍ഹതയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം പരാമര്‍ശങ്ങള്‍ മുളയിലേ നുള്ളണം. ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പിസി ജോര്‍ജ്ജിന്‍റെ പരാമര്‍ശം. കുറ്റക്കാര്‍ പിഴയടച്ച് രക്ഷപെടാന്‍ അവസരമൊരുക്കരുത്. മതവിദ്വേഷ പരാമര്‍ശക്കുറ്റത്തിന് ശിക്ഷാവിധി ഉയര്‍ത്തുന്ന കാര്യം നിയമ കമ്മിഷനും പാര്‍ലമെന്‍റും പരിശോധിക്കണം.
നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജ്ജിന് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നുമാണ് ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലെ നിരീക്ഷണം. സമാനമായ നാല് കുറ്റകൃത്യങ്ങൾ ജോർജിനെതിരെ റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ഹർജിയിൽ വാദം കേൾക്കവേ, മതവിദ്വേഷ പരാമർശം നടത്തുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു.
Also Read:'മതവിദ്വേഷ പരാമർശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണം'; ഹൈക്കോടതി