എറണാകുളം : പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം ചെറുത്തു തോല്‍പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. സർക്കാറിൻ്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിബിസി മദ്യവിരുദ്ധ സമിതി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
അധികാരത്തിലേറിയാല്‍ ഒരുതുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലായെന്ന 'പ്രകടന' പത്രികയിറക്കി പൊതുജനത്തെ കബളിപ്പിച്ച് അധികാരത്തിലേറിയവര്‍ മദ്യപ്രളയം സൃഷ്‌ടിച്ച് ജനദ്രോഹം തുടരുകയാണെന്നും ഇതിനെ ചെറുത്തുതോല്‍പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും സംയുക്ത പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.
സമര്‍ഥരും വിദഗ്‌ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കുവാനാണോ ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പനയ്ക്ക് അനുമതി നൽകുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആശങ്ക പ്രകടിപ്പിച്ചു. കുടുംബങ്ങളിലും പൊതുസമൂഹത്തിലും സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാമ്പത്തിക നഷ്‌ടം ഉണ്ടാകാതിരിക്കുവാനുമായി ഏര്‍പ്പെടുത്തിയിരുന്ന 'ഡ്രൈ ഡേ' പിന്‍വലിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
സാമ്പത്തിക പരാധീനതക്ക് പരിഹാരമായി 'ദീപസ്‌തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ധാരണ മദ്യപന്‍റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്‌തുകൊണ്ടാവരുത്. സംസ്ഥാനത്തെ മുഴുവന്‍ പനകളും, തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍പോലും വില്‍ക്കുവാനുള്ള കള്ള് ലഭിക്കില്ലെന്നിരിക്കെ റെസ്റ്റോറന്‍റുകളിലും ബാറുകളിലും കൂടി കള്ള് വില്‍ക്കുവാനുള്ള നീക്കം കടുത്ത ജനവഞ്ചനയാണ്.
അധികാരത്തിലേറിയവര്‍ മദ്യനയത്തില്‍ പൊതുജനത്തോട് അല്‍പമെങ്കിലും പ്രതിബദ്ധത കാണിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ '29' ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരത്തിലധികമായി മാറിയിരിക്കുന്നു. കണക്കുകളില്‍ പറയാത്ത ബെവ്‌കോ - കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളും നൂറുകണക്കിന് പ്രവര്‍ത്തിപ്പിക്കുന്നു.
കള്ളുഷാപ്പുകള്‍ ഹോട്ടലുകളായി മാറിക്കഴിഞ്ഞു. മദ്യനയകാര്യത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണ്. മദ്യനയം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കെസിബിസി മദ്യവിരുദ്ധ സമിതി ശക്തമായി ആവശ്യപ്പെട്ടു.
ALSO READ: ബാര്‍ കോഴ നീക്കം : ശബ്‌ദരേഖയ്ക്ക് പിന്നില്‍ ഗൂഢാലോചന, ശക്തമായ നടപടിയെന്നും എംബി രാജേഷ്